വാദികബീർ വെടിവെപ്പ്​; ഇന്ത്യക്കാരനുൾപ്പെടെ ഒമ്പത്​ മരണം; 28 പേർക്ക് പരിക്ക്​

മസ്കത്ത്​: മസ്കത്ത്​ വാദികബീറിലെ അലി ബിന്‍ അബി താലിബ് മസ്​ജിദ്​ പരിസരത്തുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാനുൾപ്പെടെ ഒമ്പതുപേർ മരിച്ചു. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ്​ ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ നാലുപേർ പാക്കിസ്താനികളാണ്​. ഗുലാം അബ്ബാസ്, ഹസൻ അബ്ബാസ്, സയ്യിദ് ഖൈസർ അബ്ബാസ്, സുലൈമാൻ നവാസ് എന്നീ പാക്കിസ്താനികളാണ്​ മരിച്ചതെന്ന്​ ഒമാനിലെ പാകിസ്താൻ എംബസി അറിയിച്ചു.

പരിക്കേറ്റവരിൽ പൊലീസ് ഓഫിസർമാർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നുണ്ട്​. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. മരിച്ചവരിലും പരിക്കേറ്റവരിലും ഓരോ ഇന്ത്യക്കാർ വീതം ഉൾപ്പെടുന്നുണ്ടെന്ന്​ ഒമാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചതായി മസ്കത്തിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.

തിങ്കാളാഴ്ച രാത്രി പത്തുമണിയോയാണ്​ ദാരുണമായ സംഭവങ്ങൾ തുടക്കം. മസ്​ജിദ്​ പരിസരത്ത്​ പ്രാർഥനക്കായി തടിച്ച്​ കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ​ വെടിയുതിർക്കുവായിരുന്നുവെന്നാണ്​ അനൗദ്യോഗിക വിവരം.

സംഭവ സമയത്ത്​ നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു എന്നാണ്​ അറിയാൻ കഴിയുന്നത്​. പരി​ക്കേറ്റവർ മസ്കത്തിലെയും പരിസര പ്രദേശങ്ങളിലെയും ഹോസ്പിറ്റലിൽ ആണ്​ പ്രവേശിച്ചിരിക്കുന്നത്​. ഇവർ സുഖം പ്രാപിച്ച്​ വരികയാണെന്ന്​ അധികൃതർ അറിയിച്ചു. സംഭവം നടന്നയുടൻ റോയൽ ഒമാൻ പൊലീസും സൈന്യവും സ്ഥലത്തെത്തി പ്രദേശത്തിന്‍റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുകയായിരുന്നു. പ്രദേശവാസികളോട്​ പുറത്തിറങ്ങരുതെന്ന്​ നിർദ്ദേശവും നൽകിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്​. തലസ്ഥാന നഗരിയിൽനിന്ന്​ ഏകദേശം നാല്​ കിലോമീറ്റർ ദൂരമാണ്​ വാദികബീറിലേക്കുള്ളത്​. മലയാളികളടക്കമുള്ള നിവധി ഇന്ത്യൻ പ്രവാസികൾ തിങ്ങിപാർക്കുന്ന സ്ഥലം കൂടിയാണിത്​. എന്നാൽ, മലയാളികൾ പ്രാർഥനയിൽ പ​ങ്കെടുക്കാറുള്ള മസ്​ജിദിലല്ല വെടിവപ്പ്​ നടന്നിട്ടുള്ളത്​.

സംഭവുമായി ബന്ധപ്പെട്ട വ്യാജ വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും റോയൽ ഒമാൻ പൊലീസ് നിർദ്ദേശിച്ചു. അപകടത്തിൽപ്പെട്ടവ​രുടെ കുടുംബങ്ങ​ളോട്​ ആത്​മാർഥമായ ദുഃഖവും അനുശോചനവും അറിയിക്കുകയാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ തുടർന്ന്​ ഒമാനിലെ യു.എസ്​ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന്​ മസ്‌കത്തിലെ യു.എസ് എംബസി നിർദ്ദേശം നൽകി. സുരക്ഷിതരായി ഇരിക്കണണമെന്നും വാദികബീർ പ്രദേശത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ പൗരൻമാരോട്​ ഒമാനിലെ പാകിസ്താൻ അംബാസഡർ ഇമ്രാൻ അലി ആവശ്യപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റവർ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Firing near Oman Wadi kabir Mosque; Four deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.