കോഴിക്കോട്ടേക്കുള്ള ഒമാന്‍ എയര്‍ വിമാനം 12 മണിക്കൂര്‍ വൈകി

മസ്കത്ത്: മസ്കത്ത്-കോഴിക്കോട് ഒമാന്‍ എയര്‍ വിമാനം 12 മണിക്കൂറോളം വൈകിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45ന് പുറപ്പെടേണ്ട വിമാനം വൈകീട്ട് 4.45നാണ് പുറപ്പെട്ടത്. 
ഉംറ കഴിഞ്ഞ് മടങ്ങുന്ന സംഘമടക്കമുള്ള യാത്രക്കാര്‍ ഇതുമൂലം ബുദ്ധിമുട്ടി. ബോര്‍ഡിങ് പാസ് നല്‍കി യാത്രക്കാരെ വിമാനത്തില്‍ കയറ്റി ഇരുത്തിയശേഷമാണ് സാങ്കേതികത്തകരാറുകള്‍മൂലം വിമാനത്തിന്‍െറ യാത്ര മാറ്റിവെച്ചത്. പറന്നുയരാന്‍ മുന്നോട്ടുനീങ്ങിയെങ്കിലും തിരികെ റണ്‍വേയിലേക്ക് കൊണ്ടുവരുകയായിരുന്നെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു. 
പിന്നീട് ഒന്നരമണിക്കൂറിലധികം യാത്രക്കാരെ വിമാനത്തില്‍ ഇരുത്തിയശേഷമാണ് സാങ്കേതികത്തകരാര്‍ സംഭവിച്ചതായി അറിയിച്ചത്. 
എ.സിയും പ്രവര്‍ത്തിക്കാതായത് മുതിര്‍ന്നവരും കുട്ടികളുമടക്കമുള്ള യാത്രക്കാരെ ഏറെ വലച്ചു. തുടര്‍ന്ന് ബസിലേക്ക് മടങ്ങാന്‍ നിര്‍ദേശം ലഭിച്ചു. അരമണിക്കൂറിലേറെ ബസിലും ഇരിക്കേണ്ടിവന്നു. യാത്രക്കാര്‍ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് തിരികെ കൊണ്ടുപോയി. അല്‍പസമയത്തിനകം വീണ്ടും ബോര്‍ഡിങ് പാസ് നല്‍കിയെങ്കിലും മണിക്കൂറുകളോളം വെയ്റ്റിങ് ലോഞ്ചില്‍ കാത്തിരിക്കേണ്ടിവന്നു. പിന്നീട് വൈകീട്ട് ആറുമണിയോടെയെ പുറപ്പെടൂവെന്ന അറിയിപ്പ് കിട്ടി. യാത്രക്കാരെയെല്ലാം മസ്കത്തിലെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. 
സാങ്കേതികത്തകരാറുകള്‍ പരിഹരിച്ച് വൈകീട്ട് 4.45നാണ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചത്. ഉംറ കഴിഞ്ഞ് കണക്ഷന്‍ വിമാനത്തില്‍ മടങ്ങാനത്തെിയവരും ബന്ധു മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോകുന്നവരുമെല്ലാം വിമാനത്തിലുണ്ടായിരുന്നു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.