ഒമാനുമായി ആത്മബന്ധം പുലര്‍ത്തിയ നേതാവ്

മസ്കത്ത്: ഒമാനുമായി ആത്മബന്ധമുള്ള നേതാവായിരുന്നു അന്തരിച്ച മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. മൂന്നു പതിറ്റാണ്ടിലധികം ആയുസ്സുണ്ട് ഈ സുദൃഢ ബന്ധത്തിന്. മകനും പേരമക്കളും താമസിക്കുന്ന ഒമാന്‍ അദ്ദേഹത്തിന് രണ്ടാം രാജ്യം കൂടിയാണ്. ഒമാനിലെ പ്രവാസികളുടെ വിഷയങ്ങളില്‍ എന്നും മുന്‍ഗണന നല്‍കിയ നേതാവായിരുന്നു അദ്ദേഹം. സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അഹമ്മദിനെ ഒമാനിലെ അടുത്ത ബന്ധമുള്ളവര്‍ ഓര്‍ക്കുന്നു...

പ്രഥമ പരിഗണന പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് 
ഒമാനുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു ഇ. അഹമ്മദെന്ന് കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.എ.വി. അബൂബക്കര്‍ പറഞ്ഞു. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി ഏതുസമയത്തും ബന്ധപ്പെടാന്‍ പറ്റിയ അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 
ഒമാനിലെ പ്രവാസികളുടെ നിരവധി പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെട്ടു. ഏതു പാതിരാവിലും അദ്ദേഹത്തെ ബന്ധപ്പെടാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കഴിഞ്ഞിരുന്നു. ഒമാനില്‍ നടന്ന കഴിഞ്ഞ മൂന്നു പൊതുമാപ്പുകള്‍ പ്രഖ്യാപിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. 
1996 ലെ പൊതുമാപ്പുമായി ബന്ധപ്പെട്ട സമയത്താണ് അദ്ദേഹത്തോട് കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞത്. 
പിന്നീട് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. 2013ല്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രിയായിരിക്കെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലത്തെിയിരുന്നു.  അദ്ദേഹത്തിന്‍െറ മരണം പ്രവാസിലോകത്തിന് വല്ലാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

‘പ്രവാസികളെ ഏറെ സഹായിച്ച നേതാവ്’
പ്രവാസികളെ ഏറെ സ്നേഹിക്കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്ത നേതാവായിരുന്നു ഇ. അഹമ്മദെന്ന് കെ.എം.സി.സി മുന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് ടി. സി. അഷറഫ് അനുസ്മരിച്ചു. നാട്ടില്‍വെച്ചുതന്നെ അഹമ്മദ് സാഹിബുമായി ബന്ധമുണ്ടായിരുന്നു. 
എന്നാല്‍, ഒമാനിലത്തെിയ ശേഷം 92 മുതലാണ് ബന്ധം സുദൃഢമായത്. വിദേശകാര്യ സഹമന്ത്രിയായി ഒമാനിലത്തെിയ സമയത്ത് അദ്ദേഹവുമായി ഇന്ത്യന്‍ അംബാസഡറുടെ സാന്നിധ്യത്തില്‍ പ്രവാസികളുടെ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. 
വിസ പ്രശ്നമടക്കമുള്ള നിരവധി പ്രയാസങ്ങളില്‍ കുടുങ്ങി വര്‍ഷങ്ങളായി നാട്ടില്‍പോവാന്‍ കഴിയാതെ വിഷമിക്കുന്ന നിരവധി പേര്‍ അന്ന് ഒമാനിലുണ്ടായിരുന്നു. 15 ഉം 20 ഉം വര്‍ഷം പിന്നിട്ടവര്‍ വരെയുണ്ട്. ഇവരെ നാട്ടിലയക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ഒമാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും അന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. വിഷയം ഗൗരവത്തിലെടുത്ത ഇ. അഹമ്മദ് തൊട്ടടുത്ത ദിവസം തന്നെ ഒമാന്‍ മാനവ വിഭവശേഷി മന്ത്രിയെ കാണുകയും പൊതുമാപ്പ് പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥന നടത്തുകയും ചെയ്തു.  2006ന് മുമ്പ് വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോവാന്‍ 23.600 ബൈസ ഇന്ത്യന്‍ എംബസിയില്‍ അടക്കണമായിരുന്നു. ഇത് പലപ്പോഴും മരിച്ച വരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാണ് അടച്ചിരുന്നത്. ഇത് ഒഴിവാക്കണമെന്നും അന്നത്തെ ചര്‍ച്ചയില്‍ ഉന്നയിച്ചതായി അഷറഫ് പറയുന്നു. വിഷയത്തിന്‍െറ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഇന്ത്യന്‍ ധനകാര്യ മന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുകയും വെറും 200 ബൈസയായി ചുരുക്കുകയും ചെയ്തു. പ്രവാസികളുടെ മറ്റു നിരവധി വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടു. 
ഒരു കാലത്ത് വിദേശയാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന ഇ.സി.എന്‍.ആര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും പത്താം ക്ളാസ് വരെ പഠിച്ച എല്ലാവര്‍ക്കും ഇ.സി.എന്‍.ആര്‍ നല്‍കാന്‍ നടപടിയെടുത്തതും അദ്ദേഹമായിരുന്നു. സാധാരണക്കാരുടെ വിഷയങ്ങളില്‍ താല്‍പര്യം കാണിക്കുന്ന തലക്കനമില്ലാത്ത പിതൃതുല്യനായ നേതാവായിരുന്നു അഹമ്മദ്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.