മസ്കത്ത്: ഒമാനിൽ പ്രവർത്തിക്കുന്ന സ്വകാര്യകമ്പനികൾ വൈകാതെ തങ്ങളുടെ തൊഴിലാളികൾക്ക് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കേണ്ടിവരുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
വിദേശി തൊഴിലാളികളെയും ഇതിൽ ഉൾപ്പെടുത്തും. ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള മന്ത്രിസഭ കൗൺസിലിെൻറ ഉത്തരവിന് തുടർച്ചയായാണ് നടപടി. നിർബന്ധിത മെഡിക്കൽ ഇൻഷുറൻസിെൻറ കരടിന് രൂപം നൽകിവരുകയാണെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്നാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇൻഷുറൻസ് പോളിസി വഴി ലക്ഷ്യമിടുന്നത്. നിലവിലെ തൊഴിൽ സാഹചര്യത്തിൽ തൊഴിലുടമക്ക് ഉണ്ടാകാവുന്ന ഉയർന്ന ചെലവ് ഒഴിവാക്കുന്നതിനായാണ് ഇൻഷുറൻസ് േപാളിസി അടിസ്ഥാന ആരോഗ്യ പരിരക്ഷയിൽ പരിമിതപ്പെടുത്തുന്നത്. തൊഴിലാളികൾക്ക് ഇൻഷുറൻസ് കമ്പനികളിൽനിന്നും ആരോഗ്യസ്ഥാപനങ്ങളിൽനിന്നും സേവനം ഉറപ്പാക്കുന്നതിനുള്ള നിബന്ധനകളും ഇതിലുണ്ടാകുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതു സംബന്ധിച്ച സർക്കാർ പ്രഖ്യാപനമുണ്ടാകുന്നത്.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ നാഴികക്കല്ലായിത്തീരുന്ന പദ്ധതിക്കാണ് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി രൂപംനൽകിവരുന്നതെന്ന് ഒമാൻ ആരോഗ്യമന്ത്രി മുഹമ്മദ് ബിൻ ഉബൈദ് അൽ സഇൗദിയും അറിയിച്ചു. സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും അടിസ്ഥാന ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ഏകീകൃത പോളിസിയുടെ കരടുരൂപമാണ് തയാറായിവരുന്നതെന്നും മന്ത്രി അറിയിച്ചു.
കരട് പോളിസിയുടെ നിയമപരമായ അവലോകനമാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, ചേംബർ ഒാഫ് േകാമേഴ്സ്, ഇൻഷുറൻസ് കമ്പനികൾ, ആശുപത്രികൾ എന്നിവരുമായി പോളിസിയുടെ അവലോകനം പൂർത്തിയായി. ഘട്ടംഘട്ടമായിട്ടാകും പദ്ധതി നടപ്പിൽവരുത്തുക. ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് ഉറപ്പാക്കിയശേഷമാകും അടുത്തഘട്ടം നടപ്പിൽവരുത്താൻ ആരംഭിക്കുകയെന്നും സി.എം.എ അധികൃതർ അറിയിച്ചു.
ഒമാനിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതും കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ പരിഗണനയിലുണ്ട്. ആരോഗ്യമന്ത്രാലയവും റോയൽ ഒമാൻ പൊലീസുമടക്കം നിരവധി സർക്കാർ വകുപ്പുകളുമായി പദ്ധതി യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച ആലോചനകൾ നടന്നുവരുകയാണ്. ബോർഡർ ചെക്പോയൻറുകളിൽ പോളിസി ലഭ്യമാക്കുന്ന രീതിയാണ് പരിഗണനയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.