മസ്കത്ത്: പരിസ്ഥിതി അതോറിറ്റിയുടെ ‘ടർട്ടിൽ കമാൻഡോസ് പ്രോഗ്രാ’മിന്റെ ഭാഗമായി ഈ വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനംവരെ 62,000 ആമകളെ തിരികെ കടലിലേക്ക് എത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ 66 വലിയ കടലാമകളെയും ടർട്ടിൽ കമാൻഡോകൾ രക്ഷപ്പെടുത്തി.
ആമകളുടെ സംരക്ഷണത്തിനും സുരക്ഷിതമായ സഞ്ചാരത്തിനും വഴിയൊരുക്കുന്നതിന്റെ ഭാഗമായി കടലിൽനിന്നും ബീച്ചുകളിൽ നിന്നുമായി 3,282 ചാക്ക് മാലിന്യങ്ങളും 534 മത്സ്യബന്ധന വലകളും ശേഖരിച്ചു. കടലാമകൾ വിശ്രമിക്കാനും മുട്ടകൾ വിരിയിക്കാനും വരുന്ന ബീച്ചുകളിൽ രാത്രിയിൽ വാഹനങ്ങൾ പ്രവേശിക്കുന്നതും തടഞ്ഞു. ഇങ്ങനെ 7,225 കാറുകളാണ് തടഞ്ഞതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കടലാമകളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനും നിരീക്ഷണത്തിനുമുള്ള ‘ടർട്ടിൽ കമാൻഡോസ് പ്രോഗ്രാമിന്റെ’ മൂന്നാം ഘട്ടം പ്രാദേശികവും അന്തർദേശീയവുമായ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെ തുടരുകയാണെന്ന് പരിസ്ഥിതി അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
വഴിതെറ്റിയ 62,882 കടലാമകളെ തിരികെ കടലിലേക്ക് നയിക്കുന്നതിൽ സംഘവും സന്നദ്ധപ്രവർത്തകരും വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു. പദ്ധതിയുടെ മൂന്നാം പതിപ്പ് ജൂണിൽ ആണ് ആരംഭിച്ചത്. റാസൽ ഹദ്ദ് ടർട്ടിൽ റിസർവ്, മസിറ ദ്വീപ്, ദയ്മാനിയത്ത് ഐലൻഡ്സ് നേച്ചർ റിസർവ് എന്നിങ്ങനെ മൂന്ന് സൈറ്റുകളിലാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വംശനാശഭീഷണി നേരിടുന്ന കടലാമകളെ നിരീക്ഷിക്കുന്നതിലും രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച ഈ സംരംഭം ഈ വർഷം ഡിസംബർ അവസാനം വരെ അതിന്റെ ശ്രമങ്ങൾ തുടരുമെന്ന് പരിസ്ഥി അതോറിറ്റി അറിയിച്ചു. 25,635 ആളുകൾക്കിടയിൽ കടലാമകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും കാമ്പയിനുകളും ഈ പരിപാടിയിലൂടെ നടത്താനായി. പാരിസ്ഥിതിക നിയമങ്ങളെക്കുറിച്ചും മാർഗനിർദേശങ്ങളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുകയും ചെയ്തു. രാജ്യത്ത് ആമകളുടെ സംരക്ഷണത്തിന് വളരെ പ്രാധാന്യമാണ് നൽകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കടലാമയായ ലോഗർഹെഡ് ഉൾപ്പെടെ, ലോകത്ത് കാണപ്പെടുന്ന ഏഴ് ഇനം കടലാമകളിൽ നാലെണ്ണവും ഒമാനിലാണ്. ഗ്രീൻ ടർട്ടിൽ, ഹോക്സ്ബിൽ ടർട്ടിൽ, ഒലിവ് റിഡ്ലി ടർട്ടിൽ എന്നിവയാണ് ഒമാനിൽ കാണുന്ന മറ്റ് ഇനം ആമകൾ. അഞ്ചാമത്തെ ഇനമായ ലെതർബാക്ക് ടർട്ടിൽ ചില സമയങ്ങളിൽ ഒമാനിലെ ജലാശയങ്ങളിൽ ഭക്ഷണത്തിനോ ദേശാടനത്തിനോ സന്ദർശിക്കുന്നതായി കാണ്ടെത്തിയിട്ടുണ്ട്.
കടലാമകൾ സമുദ്ര ആവാസവ്യവസ്ഥയുടെ ഒരു അടിസ്ഥാന കണ്ണിയാണ്. കടൽപ്പുല്ലുകളുടെയും പവിഴപ്പുറ്റുകളുടെയും ആരോഗ്യം നിലനിർത്താൻ അവ സഹായിക്കുന്നുണ്ടെന്നും ഇത് വാണിജ്യപരമായി വിലപിടിപ്പുള്ള ചെമ്മീൻ, ലോബ്സ്റ്റർ, ട്യൂണ എന്നിവക്ക് പ്രയോജനകരമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.