മസ്കത്ത്: സമൂഹ മാധ്യമങ്ങളിലൂടെ വാഹനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള നിരവധി പരസ്യങ്ങൾ ശ്രദ്ധിയിൽപെട്ടിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് നിരീക്ഷിച്ചതായി അധികൃതർ വ്യക്തമാക്കി.
ആകർഷകമായ ഓഫറുകളും ഡീലുകളും നൽകി വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ കൈവശപ്പെടുത്താനാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. ഇത്തരം വിവരങ്ങൾ കൈമാറുന്നതിലൂടെ ബങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വാഹനങ്ങൾക്ക് പരിമിതമായ കാലത്തേക്ക് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുകയും ഇതിനായി വ്യക്തികളെ ഒരു അനൗദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നതിലൂടെ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിന് ഇരയാകാൻ ഇടവരുത്തും. അതിനാൽ ഇത്തരം പരസ്യങ്ങളോട് പ്രതികരിക്കുന്നതിനുമുമ്പ് അതിന്റെ ആധികാരികത പരിശോധിക്കാൻ എല്ലാവരും തയാറാകണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്.
എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗമെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.