മസ്കത്ത്: പ്രഥമ സന്ദർശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനും ഉന്നതതല പ്രതിനിധി സംഘത്തിനും ഇന്ത്യയിൽ ഊഷ്മള വരവേൽപ്. വൈകീട്ടോടെ ന്യൂഡൽഹിയിലെത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി, നിരവധി ഇന്ത്യൻ ഉദ്യോഗസ്ഥരും ന്യൂഡൽഹിയിലെ ഒമാൻ എംബസിയിലെ അംഗങ്ങളും സ്വീകരണത്തിൽ പങ്കെടുത്തു.
സുൽത്താനെ സ്വാഗതം ചെയ്തത് വിദ്യാർഥി സംഘത്തിന്റെ നൃത്ത പരിപാടികളും അരങ്ങേറി. മൂന്ന് ദിവസത്തെ സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കിയാണ് സുൽത്താൻ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്. പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ക്ഷണം സ്വീകരിച്ചെത്തിയ സുൽത്താന്‍ രാഷ്ട്രപതിഭവനിൽ ശനിയാഴ്ച ഔദ്യോഗിക സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിന് സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടും സുൽത്താൻ സന്ദർശിക്കും. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മടങ്ങും. 26 വർഷങ്ങൾക്ക് ശേഷമാണ് ഒമാനിൽനിന്നുള്ള രാഷ്ട്രത്തലവൻ ഇന്ത്യയിൽ എത്തുന്നത്. ഇതിന് മുമ്പ് 1997ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യ സന്ദർശിച്ചത്.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എൻജിനീയർ ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ, ധാതു മന്ത്രി എൻജിനിയർ സലിം ബിൻ നാസർ അൽ ഔഫി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ-അറ്റ്-ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.
നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ല്
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുൽത്താന്റെ സന്ദർശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്സസ് അനുവദിക്കുന്നതിന് നേരത്തേ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഒമാനും ഇന്ത്യയും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരവും സാംസ്കാരികവും സാമ്പത്തികപരവുമായ സുദൃഢ ബന്ധമാണുള്ളത്. സംവത്സരങ്ങൾക്ക് മുമ്പ് ആരംഭിച്ച വ്യപാര വാണിജ്യബന്ധം പൂർവാധികം ഇന്നും തുടരുന്നു. നൂറിലേറെ ഇന്ത്യൻ കമ്പനികളും ഏഴ് ലക്ഷത്തോളം പ്രവാസികളും ഒമാന്റെ മണ്ണിൽ ഇപ്പോഴുണ്ട്.
ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച സന്ദർശനങ്ങൾ
ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രിമാർ വിവിധ സമയങ്ങളിൽ സുൽത്താനേറ്റിൽ സന്ദർശനം നടത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി (1985), പി.വി.നരസിംഹ റാവു (1993), അടൽ ബിഹാരി വാജ്പേയി (1998), ഡോ മൻമോഹൻ സിങ് (2008), നരേന്ദ്ര മോദി (2018) തുടങ്ങിയരാണ് ഒമാനിലെത്തിയ പ്രധാനമന്ത്രിമാർ. 2019ൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും, ഈ വർഷം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഒമാനിൽ എത്തിയിരുന്നു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഒമാന്‍ അതിഥി രാഷ്ട്രമായിരുന്നു.
വിദ്യാർഥികളുടെ നൃത്തപരിപാടി സുൽത്താൻ വീക്ഷിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.