മസ്കത്ത്: പാർക്കിങ്ങിനും കാൽനടക്കും തടസ്സമായി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുന്ന നടപടി മസ്കത്ത് മുനിസിപ്പാലിറ്റി തുടരുന്നു. സീബ് വിലായത്തിലെ വാണിജ്യ-റസിഡൻഷ്യൽ മേഖലകളിലുള്ള വാഹനങ്ങളാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്.
മിക്ക പാർക്കിങ് ഏരിയകളിലും ഇത്തരം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കിടക്കുന്നത് മറ്റ് വാഹന ഉടമകൾക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. വാഹനയുടമകൾക്ക് നോട്ടീസ് നൽകിയശേഷമാണ് നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസം ഗാല, ബോഷർ, മസ്കത്ത്, പഴയ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലെ വാഹനങ്ങൾ എടുത്തുമാറ്റിയിരുന്നു. നിരവധി വാഹനങ്ങളാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുള്ളത്. ഇത്തരം വാഹനങ്ങൾ നഗരസൗന്ദര്യത്തിന് കോട്ടം വരുത്തുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ലോക്ഡൗണും മറ്റ് പ്രതിസന്ധികളും മൂലം കഴിഞ്ഞ 18 മാസത്തിനിടെ രണ്ടുലക്ഷത്തോളം പേർ രാജ്യം വിട്ടുപോയെന്നാണ് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) റിപ്പോർട്ട്. ഇതിൽ നല്ലൊരു ശതമാനം ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ചാണ് പോയതെന്നും എൻ.സി.എസ്.ഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം വാഹനങ്ങൾ വാങ്ങാൻ ആളുകളെ ലഭിക്കാഞ്ഞതാണ് അവ ഉപേക്ഷിച്ചുപോകാൻ പലരെയും പ്രേരിപ്പിച്ചത്. ജോലി നഷ്ടപ്പെട്ടതുമൂലം ലോൺ അടക്കാനാവാതെയും മറ്റും വാഹനങ്ങൾ ഉപേക്ഷിച്ചവരുമുണ്ട്.
പല വാഹനങ്ങളിലും മുനിസിപ്പാലിറ്റി പതിപ്പിച്ച നോട്ടീസുകൾ അതേപടി ഇരിപ്പുണ്ടായിരുന്നു. പലതവണ അറിയിപ്പുകൾ നൽകിയിട്ടും പ്രതികരണമില്ലാത്തവരുടെ വാഹനങ്ങൾ ഇപ്പോൾ അൽ ആമിറാത്തിലെ യാർഡിലേക്കാണ് മാറ്റുന്നത്. ഇവ പിന്നീട് ലേലം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.