മസ്കത്ത്: രാജ്യത്തെ പ്രമേഹബാധിതരായ കുട്ടികളെ സഹായിക്കാൻ 'ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്' സംരംഭവുമായി ഒമാനി ഡയബറ്റിസ് അസോസിയേഷൻ. ആരോഗ്യ മന്ത്രാലയത്തിലെ നാഷനൽ സെന്റർ ഫോർ ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് അവഗണിക്കുന്നത് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറക്കുന്നതിനും സങ്കീർണതകൾ ഒഴിവാക്കാനും പതിവ് പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അവബോധം വളർത്തുകയാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി സോഷ്യൽ സെക്യൂരിറ്റി കുടുംബങ്ങളിലെ പ്രമേഹബാധിതരായ കുട്ടികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാൻ സഹായിക്കുന്ന ഗ്ലൂക്കോസ് മീറ്ററുകൾ നൽകുന്നുണ്ട്. ഒമാനികൾക്കിടയിലെ പ്രമേഹം ആഗോള ശരാശരിയേക്കാൾ കൂടുതലാണ്. സുൽത്താനേറ്റിൽ പ്രതിവർഷം കുട്ടികളിൽ 60 പ്രമേഹ കേസുകൾ രേഖപ്പെടുത്തുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
പ്രമേഹംകൊണ്ട് ദീർഘകാലമായി ബുദ്ധിമുട്ടുന്ന കുട്ടികൾ രാജ്യത്തുണ്ട്. ഇവരുടെ കേസുകൾ സുക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരാഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സൈദി പറഞ്ഞു. ലോകത്തെ മിക്ക രാജ്യങ്ങളിലും പ്രമേഹത്തിന്റെ വ്യാപനം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് നാഷനൽ സെന്റർ ഫോർ ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി ഡയറക്ടർ ഡോ. നൂർ ബിൻത് ബദർ അൽ ബുസൈദി പറഞ്ഞു. പ്രമേഹബാധിതരുടെ നിരക്ക് വർധിക്കുന്നത് 2025ഓടെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നത്.
ദേശീയ ആരോഗ്യ സർവേയുടെ 2017ലെ പഠനമനുസരിച്ച്, രാജ്യത്തെ മുതിർന്നവരിൽ പ്രമേഹത്തിന്റെ വ്യാപനം ഏകദേശം 11.4 ശതമാനമാണ്. 2019ലെ ആരോഗ്യ റിപ്പോർട്ട് അനുസരിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രമേഹ രോഗികളുടെ എണ്ണം 1,05,000ത്തിലധികം ആളുകളാണ്.
പ്രായപൂർത്തിയാകുന്നതിനു മുമ്പുള്ള ആളുകളുടെ മൊത്തം പ്രമേഹ കേസുകളുടെ എണ്ണം 1,000 കവിഞ്ഞിട്ടുണ്ട്. ഒമാൻ ഡയബറ്റിസ് അസോസിയേഷൻ രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള വിഭവങ്ങൾ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.