മസ്കത്ത്: എ.എഫ്.സി കപ്പിൽ ചരിത്രവിജയം നേടിയ സീബ് ക്ലബ്ബിന് അഭിനന്ദനവുമായി ക്ലബ് പ്രസിഡന്റും പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിയുമായ സയ്യിദ് ഷിഹാബ് ബിൻ താരിഖ്. കിരീടനേട്ടം വിവരണാതീതമായ സന്തോഷമാണ് നൽകുന്നത്.
ക്ലബ് അഭൂതപൂർവമായ ചരിത്രമാണ് രചിച്ചത്. കളിക്കാരെയും ടീം മാനേജ്മെന്റിനെയും ആരാധകരെയും അഭിനന്ദിക്കുന്നു. എ.എഫ്.സി കപ്പ് നേട്ടം ഒമാനി ഫുട്ബാളിന്റെ പുതിയ നാഴികക്കല്ലാണ്. വിജയത്തിൽ നിർണായക പങ്കുവഹിച്ച ക്ലബിനെ പിന്തുണക്കുന്ന സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിനും ഒമാൻ ഫുട്ബാൾ അസോസിയേഷനും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടം സുൽത്താൻ ഹൈതം ബിൻ താരിഖിന് സമർപ്പിക്കുന്നു. ഒമാനി യുവാക്കളുടെ കാര്യങ്ങളിൽ എല്ലായ്പ്പോഴും താൽപര്യവും കരുതലും അദ്ദേഹത്തിനുണ്ട്. സ്പോർട്സിന് സുൽത്താൻ നൽകിയ തുടർച്ചയായ പിന്തുണക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്വാലാലംപുരിലെ ബുകിത് ജലീല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിൽ ക്വാലാലംപുര്‍ എഫ്.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് എ.എഫ്.സി കപ്പിൽ സീബ് ക്ലബ് കിരീടം ചൂടിയത്. നാട്ടിൽ തിരിച്ചെത്തിയ സീബ് ക്ലബിന് ആവേശകരമായ സ്വീകരണമായിരുന്നു രാജ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.