മസ്കത്ത്: ഒരിടവേളക്കുശേഷം രാജ്യത്ത് വീണ്ടും മഴ. സുഹാർ വിലായത്തിലെ വാദി ഹിബി മേഖലയിൽ ഞായറാഴ്ച ഉച്ചയോടെയാണ് ആലിപ്പഴ വർഷത്തോടെയുള്ള കനത്ത മഴ ഉണ്ടായത്. അൽ ഹജർ പർവത നിരകളിൽ മേഘങ്ങൾ രൂപപ്പെട്ടതായും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ഉച്ചയോടെ അറിയിച്ചു. ദോഫാർ ഗവർണറേറ്റിൽ മൺസൂൺ മഴ തുടരുമെന്നും അധികൃതർ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ അന്തരീക്ഷത്തിൽ ശക്തമായ പൊടിയുടെ സാന്നിധ്യവും ഉണ്ട്. അൽ വുസ്ത, ദോഫാർ, ദാഹിറ, ദാഖിലിയ, ശർഖിയ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ പൊടി മൂലം ദൂരക്കാഴ്ച കുറഞ്ഞിട്ടുണ്ട്. തെക്കുകിഴക്കൻ കാറ്റിെൻറ ഫലമായി ഇന്നത്തോടെ പൊടിയുടെ സാന്നിധ്യം കുറയുമെന്നാണ് പ്രതീക്ഷയെന്നും വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, രാജ്യത്ത് നിരവധിയിടങ്ങളിൽ താപനില ഉയർന്നുതുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ 45 ഡിഗ്രിക്ക് മുകളിലാണ് താപനില അനുഭവപ്പെട്ടത്. 47.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ അമിറാത്തിലും സൂറിലുമാണ് ഉയർന്ന ചൂടനുഭവപ്പെട്ടത്. റുസ്താഖിൽ 46.8 ഡിഗ്രിയും ബിദിയയിൽ 46.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. സമൈം, മഖ്ഷൻ എന്നിവിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
ഖൈറൂൺ ഹൈരിതി, ഷാലിം, ദൽഖൂത്ത്, ദുഖം, റാസൽഹദ്ദ് തുടങ്ങിയ പ്രദേശങ്ങളിലാണ് കുറഞ്ഞ ചൂട് അനുഭവപ്പെട്ടത്. 20 ഡിഗ്രിക്കും 23 ഡിഗ്രിക്കുമിടയിലായിരുന്നു ഇൗ പ്രദേശങ്ങളിൽ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.