മസ്കത്ത്: കോവിഡ് മഹാമാരിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് സ്വദേശികളെക്കാൾ കൂടുതലും വിദേശികൾ. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം അഞ്ച്ലക്ഷത്തിലധികം ആളുകൾക്കാണ് മൂന്നാംഡോസ് നൽകിയത്. ഇതിൽ 3,63,242 ആളുകളും വിദേശികളാണ്. 1,44,198 ഒമാനി പൗരന്മാർ മാത്രമാണ് മൂന്നാംഡോസ് വാക്സിനെടുത്തിട്ടുള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
31 ലക്ഷത്തിലധികം ആളുകൾക്കാണ് ഒന്നം ഡോസ് നൽകിയത്. ഇതിൽ 17,70,692 ഒമാനികളും 14,20,950 വിദേശികളും ഉൾപ്പെടും. 16,65,562 സ്വദേശികൾക്കും 13,11,310 വിദേശികൾക്കുമുൾപ്പെടെ ആകെ 29ലക്ഷത്തിലധികം രണ്ടാം ഡോസ് നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ, രാജ്യത്ത് ഏകദേശം 1,60,000 പേർ ഇപ്പോഴും ആദ്യ ഡോസ് പോലും കുത്തിവെപ്പെടുത്തിട്ടില്ലെന്ന് ഡാറ്റാ അനലിസ്റ്റായ അൽ മൈമാനി പറഞ്ഞു.
വൈറസ് പടരുന്നത് തടയാനും കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടുന്നതിനും നിലവിൽ ഏറ്റവും നല്ല മാർഗം വാക്സിൻ തന്നെയെന്ന് ലോകാരോഗ്യ സംഘടനയുടെ ഒമാൻ പ്രതിനിധി ഡോ. ജീൻ ജബ്ബൂർ പറഞ്ഞു. അതേസമയം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും മറ്റും വിശ്വസിക്കുന്നതിനാൽ വാക്സിനെടുക്കുന്നതിൽ ആളുകളെ തടയുന്നുണ്ടെന്ന കാര്യത്തിലെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. വാക്സിനുകളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഗവർണറേറ്റുകളിൽ വാക്സിനേഷൻ നടപടികൾ ഊർജിതമായി നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളിലെത്തി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വാക്സിനേഷൻ ശക്തമായി തുടരുന്ന ബുറൈമിയിൽ കോവിഡ് കാരണം ഏഴ് രോഗികളെ മാത്രമെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂ.
ഇതിൽ നാലു പേർ തീവ്രപരിചരണത്തിലാണ്.വാക്സിൻ എടുത്തവരിലെ അണുബാധ നിരക്ക് കുറഞ്ഞിട്ടുണ്ടെന്ന് ബുറൈമിയിലെ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ ഓഫിസിലെ ഹമദ് ബിൻ സലേം അൽ അലവി പറഞ്ഞു. മുമ്പത്തെ കോവിഡ് തരംഗത്തിൽ വാക്സിൻ എടുക്കാത്ത ആളുകൾ കൂടുതലായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്നു.
ബൂസ്റ്റർ ഡോസെടുക്കുന്നതിലൂടെ അണുബാധയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.