മസ്കത്ത്: നിരോധനംകൊണ്ട് ഒരു ആശയത്തെയും സമൂഹത്തിൽനിന്ന് ഇല്ലാതാക്കാൻ കഴിയില്ലെന്ന് കവി മുരുകൻ കാട്ടാക്കട. ഒമാനിൽ വേൾഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു. നിരോധിച്ചതിലൂടെ വിജയം നേടിയ ഒന്നും ചരിത്രത്തിൽ ഇല്ല. സമൂഹത്തെ മലീമസമാക്കുന്ന ചിന്തകളെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ ഉൾപ്പെടെ ലോകത്ത് നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും കേരളത്തിന് അനിവാര്യമാണ്. മാറ്റങ്ങളുണ്ടായ സമയത്തെല്ലാം വിമർശനങ്ങൾ വന്നിട്ടുണ്ട്. ഇന്ത്യയിൽ ട്രെയിൻ വന്നപ്പോൾ ഇത് നാം കണ്ടതാണ്. മാറ്റത്തിനനുസരിച്ച് മാറുക എന്നത് ഒരു വസ്തുതയാണ്. നമ്മൾ ഏതായാലും കമ്പോളത്തിൽ പെട്ടുപോയി. ഇനി അതിന്റെ നല്ല വശങ്ങളെ സ്വീകരിക്കാൻ കഴിയണം. അദാനിക്ക് വിഴിഞ്ഞം തുറമുഖം എഴുതിക്കൊടുത്തപ്പോൾ യു.ഡി.എഫ്, എൽ.ഡി.എഫ് ഗവൺമെന്റുകൾ അതു തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തി. ഇനി അദാനിയുടെ കൈവശമാണെന്ന് പറഞ്ഞ് അതിന്റെ വിജയത്തിൽനിന്ന് മാറിനിൽക്കാൻ കഴിയില്ല. അതിന്റെ പോസിറ്റിവ് വശങ്ങൾ നമ്മൾക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് നോക്കണം. അതിരുവിട്ട പ്രകൃതിവാദത്തിനോട് യോജിപ്പില്ല. ജാതിബോധം ഇന്ന് കേരളീയ സമൂഹത്തിൽ കൂടുതലായി കണ്ടുകൊണ്ടിരിക്കുകയാണ്. ഒരാൾ തന്റെ ജാതിവാൽ മാറ്റിയാലും സമൂഹം അതിന് വകവെച്ച് കൊടുക്കാൻ തയാറാകാത്ത അവസ്ഥയാണുള്ളത്.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നുകയറ്റം കാരണം പുതിയ തലമുറക്ക് വായനയോട് വിമുഖതയുണ്ട്. അക്കാദമിക് വായന കൂടുന്നുണ്ടെങ്കിലും ക്രിയാത്മകമായ വായന കുറഞ്ഞുവരുകയാണ്. ആഗോളവത്കരണത്തിന്റെ ഭാഗമായുള്ള മാർക്കറ്റ് അധിഷ്ഠിത ചിന്തയുടെ ഫലംകൊണ്ടുണ്ടാകുന്നതാണിത്. ഏതൊരു ലക്ഷ്യത്തിലേക്കാണോ എത്തിച്ചേരേണ്ടത് അതിലേക്ക് മാത്രമുള്ള വായനകളാണ് വിദ്യാർഥികളിൽ നടക്കുന്നത്. ആധുനിക കാലത്ത് മലയാള ഭാഷകൊണ്ട് ഒരു ഉപയോഗവും ഇല്ല എന്ന് ചിന്തിക്കുന്നവരാണ് വിദ്യാർഥികളിൽ അധികവും. അതുകൊണ്ടാണ് മാതൃഭാഷയിൽനിന്നും വിദ്യാർഥികൾ അകന്നുപോകുന്നത്. ഭാഷ ഒരു സംസ്കാരമാണെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
'ഗൾഫ് മാധ്യമ'ത്തിന്റെ സ്നേഹോപഹാരം റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ മുരുകൻ കാട്ടാക്കടക്ക് കൈമാറി. മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ജെ. രത്നകുമാർ, അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടര്‍ ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.