മസ്കത്ത്: സുൽത്താനേറ്റിന്റെ ആതിഥ്യമര്യാദയും സ്നേഹവായ്പ്പുകളും തൊട്ടറിഞ്ഞും മെസ്സിക്കും സംഘത്തിനും വിജയാശംസകൾ നേർന്നും അർജന്റീനയിൽനിന്നെത്തിയ ആരാധകസംഘം ഖത്തറിലേക്ക് പറന്നു. ലോകകപ്പിനെത്തുന്ന ആരാധകരെ ഒമാനിലേക്ക് ആകർഷിക്കുന്നതിനായി അധികൃതർ തയാറാക്കിയ പദ്ധതിയുടെ ഭാഗമായായിരുന്നു ഇവർ സുൽത്താനേറ്റിൽ എത്തിയിരുന്നത്.
ദിവസങ്ങൾക്കുമുമ്പേ ഇവിടെ എത്തിയ സംഘം രാജ്യത്തെ വിവിധ ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ആദ്യകളിയിലെ തോൽവി നിരാശ പടർത്തുന്നുണ്ടെങ്കിലും ഈ ലോകകപ്പിൽ ടീം മികച്ച മുന്നേറ്റം നടത്തുമെന്ന് ആരാധകർ പറഞ്ഞു.ഏകദേശം അറുപതോളം ആരാധകരാണ് അർജന്റീനയുടെ ഗ്രൂപ് മത്സരങ്ങൾ കാണാനും ഒമാന്റെ ഊഷ്മളതയും ആതിഥ്യമര്യാദയും ആസ്വദിക്കാനുമെത്തിയത്. ലോകകപ്പ് ആയതോടെ ഹോട്ടൽ റൂമുകൾ കിട്ടാത്തതും ചെലവേറിയതുമാണ് അർജന്റീനയിൽനിന്ന് ആരാധകരെ ഇങ്ങോട്ടേക്കെത്തിച്ചത്.
ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരങ്ങളിലൊരാളായ ലയണൽ മെസ്സി ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മെസ്സിയുടെ മത്സരങ്ങൾ നേരിട്ട് കാണാൻ നിരവധി അർജന്റീനിയൻ സ്വദേശികളാണ് ഇതിനകം ഖത്തറിലെത്തിയിട്ടുള്ളത്. ഇവരിൽ പലരും ടീമിന്റെ ആദ്യ കളിക്കുശേഷം ഒമാനടക്കമുള്ള ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.