മസ്കത്ത്: രാജ്യത്തെ ആഭ്യന്തര വിപണിയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി മതിയായ സിമന്റ് വിതരണം ഉറപ്പാക്കാൻ നടപടികളുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. രാജ്യത്തിന്‍റെ ചിലഭാഗങ്ങളിലുണ്ടായ സിമന്‍റ് ദൗർലഭ്യത്തെ പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയം നടപടി ആരംഭിച്ചത്. പ്രാദേശിക വിപണികളിൽ സിമന്‍റ് ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
വിപണിയുടെ ആവശ്യകത മനസ്സിലാക്കാനും ചില ഒമാനി സിമന്റ് ഫാക്ടറികളും വിതരണക്കാരും നേരിടുന്ന വെല്ലുവിളികൾ പഠിക്കാനും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിന്‍റെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. സിമന്റ് വിതരണം സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, വിദേശ വിപണികളിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ഇറക്കുമതിയുടെ കസ്റ്റംസ് തീരുവയിൽ ഇളവ് വരുത്തുന്നതിനെ കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.
ഇതിന് പുറമെ ഇറക്കുമതി ചെയ്ത സിമന്റിന്റെ വേഗത്തിലുള്ള ഒഴുക്ക് ഉറപ്പാക്കുന്നതിന് മിന അൽ സുൽത്താൻ തുറമുഖവും അൽ സുവൈഖ് തുറമുഖവുമായും സഹകരിക്കുകയും ചെയ്യും. വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക സിമന്റ് നിർമാതാക്കളോട് ഉൽപാദനം വർധിപ്പിക്കാൻ ആവശ്യപ്പെടും. പുതിയ സിമന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും ലൈസൻസ് നൽകുന്നതിനും സൗകര്യമൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.