മസ്കത്ത്: ഇന്ത്യൻ മഹാരാജ്യം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്നറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പു ഫലത്തെ വരവേൽക്കാനൊരുങ്ങി ഒമാനിലെ പ്രവാസ ലോകവും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ അധികാരത്തിൽ തുടരുമോ, പുതിയ തരംഗമായി ഇൻഡ്യ സംഘ്യം ഉദയം ചെയ്യുമോയെന്ന കാത്തിരിപ്പിനു ഇന്ന് വിരാമമാവും. പ്രവൃത്തിദിനാമയതുകൊണ്ടുതന്നെ ഭൂരിഭാഗംപേരും മൊബൈലിലായിരിക്കും തെരഞ്ഞെടുപ്പ് ആരവങ്ങൾ അറിയുക. ചില കൂട്ടായ്മകളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ ഫലം അറിയുന്നതിനായി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏപ്രിൽ 26 ന് പോളിങ് പൂർത്തിയായ ശേഷം ഏതാനും ദിവസങ്ങൾ വോട്ടിലെ കൂട്ടലും കുറക്കലും വാദപ്രതിവാദവുമെല്ലാം ഉണ്ടായെങ്കിലും പതുക്കെ അതൊക്കെ കെട്ടടങ്ങി പ്രവാസികൾ അവരുടെ ദൈനംദിന ജീവിത വിഹ്വലതകളിലേക്കു നീങ്ങി. ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നതോടെ വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിലേക്കു പ്രവാസലോകവും നീങ്ങുകയായിരുന്നു.
എക്സിറ്റ്പോളുകളെ എൻ.ഡി.എ അനുകൂല സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, ഇൻഡ്യ മുന്നണിയെ പിന്തുണക്കുന്നവർ ഇത്തരം ഫലങ്ങളെ പൂർണമായി നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു പിറകെ പ്രവാസലോകവും വോട്ടെടുപ്പിന്റെ ആവേശത്തിലായിരുന്നു. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകളും മറ്റും നടത്തുകയും ചെയ്തിരുന്നു.
കടുത്ത പാർട്ടി അനുയായികൾ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭാഗമാകുകയും വോട്ട്ചെയ്തു മടങ്ങുകയും ചെയ്തു. സമൂഹമാധ്യമ കൂട്ടായ്മകൾ രൂപവത്ക്കരിച്ച് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുമുണ്ട്.
ഒമാൻ സമയം ഉച്ചയോടെ ഫലത്തിന്റെ ട്രെന്റ് അറിയാനാകും. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പ് വിവിധ പാർട്ടി അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ആസുത്രണവും ചെയ്തിട്ടുണ്ട്.
മവേല സെൻട്രൽ മാർക്കറ്റിൽ തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാൻ പൊതു സ്ക്രീൻ
മസ്കത്ത്: ചൊവ്വാഴ്ച പുറത്തുവരുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാൻ സൗകര്യമൊരുക്കി സുഹൂൽ അൽഫൈഹ. മവേല സെൻട്രൽ മാർക്കറ്റിലാണ് വിശാലമായ സംവിധാനത്തോടെ ഫലം കാണാനുള്ള പൊതു ടി.വി സ്ക്രീൻ ഒരുക്കിയിട്ടുള്ളത്.
ഇവിടുത്തെ നല്ലൊരു ശതമാനവും തൊഴിലാളികളും മലയാളികളടക്കമുള്ള ഇന്ത്യക്കാരണുള്ളത്. തൊഴിലിനിടയിലും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആരവങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.