മസ്കത്ത്: ഒമാനിൽ വിവിധ മേഖലയിൽ വിദേശനിക്ഷേപം നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവ് ഇറക്കി (364/2023).
മന്ത്രിതലപ്രമേയം നമ്പർ 209/2020ലെ ചില വ്യവസ്ഥകൾ ഭേദഗതിചെയ്താണ് ഒമാനി നിക്ഷേപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഒമാനി നിക്ഷേപകര്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ളവയില്‍ 25 മേഖലകള്‍ കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് വിദേശ നിക്ഷേപ നിരോധന വിഭാഗങ്ങള്‍ വിപുലപ്പെടുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഏജന്‍സികളും ഗവര്‍ണറേറ്റുകളും നഗരസഭാ കൗണ്‍സിലുകളും വിദേശ നിക്ഷേപം നിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പട്ടിക പുതുക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വലിയ ഉൽപാദനശേഷിയില്ലാത്ത കോഴി ഹാച്ചറികളുടെ നടത്തിപ്പ്, പ്രിന്റിങ്, ഫോട്ടോകോപ്പി തുടങ്ങിയ മെഷീനുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, തേനീച്ച വളര്‍ത്തല്‍, തേന്‍ ഉൽപാദനം, കടല്‍ മത്സ്യബന്ധനം, മാംസം-മാംസ ഉൽപന്നങ്ങള് എന്നിവയില്‍ സ്പെഷലൈസ് ചെയ്ത കടകളിലെ ചില്ലറ വ്യാപാരം, വലിയ ഉൽപാദന ശേഷിയില്ലാത്ത കോഴി, മുയല്, പക്ഷികള്‍ എന്നിവയെ കശാപ്പ് ചെയ്ത് തയാറാക്കല്‍, പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍, അവയുടെ ആക്സസറികള്‍ എന്നിവ വില്‍ക്കുന്ന സ്റ്റോറുകളിലെ ചില്ലറ വ്യാപാരം, ഭൂമി, റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള പ്രവർത്തനം, ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ പാട്ടത്തിനെടുത്ത (റെസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍) കെട്ടിടങ്ങള്‍ കൈകാര്യം ചെയ്യുന്നതും വാടകക്ക് നല്‍കുന്നതുമായ പ്രവര്‍ത്തനം, കുടിവെള്ളമല്ലാത്ത ജലവിതരണവും വില്പനയും, ക്രെയിനുകള്‍ വാടകക്ക് നല്കല്, വലിയ ഉൽപാദനശേഷിയില്ലാത്ത കന്നുകാലികളുടെ മൊത്തവ്യാപാരം, നിർമാണയന്ത്രങ്ങളും ഉപകരണങ്ങളും വാടകക്ക് നല്കല്, നിര്‍മാണത്തിനോ പൊളിക്കുന്നതിനോ ഉള്ള ഉപകരണങ്ങള്‍ വാടകക്ക് നല്കല്, മത്സ്യത്തിന്റെയും മറ്റു കടല്‍ജീവികളുടെയും മൊത്തവ്യാപാരം, മത്സ്യ ഉൽപന്നങ്ങളുടെ മൊത്തവ്യാപാരം, ഔഷധങ്ങള്‍ക്ക് പ്രത്യേകമായുള്ള കടകളിലെ ചില്ലറ വ്യാപാരം, മത്സ്യം, മറ്റ് സമുദ്രവിഭവങ്ങള്‍, അതിന്റെ ഉൽപന്നങ്ങള് എന്നിവക്ക് പ്രത്യേകമായുള്ള കടകളിലെ ചില്ലറ വ്യാപാരം, പ്രകൃതിദത്ത സസ്യങ്ങള്‍ക്ക് പ്രത്യേകമായുള്ള സ്റ്റോറുകളിലെ ചില്ലറ വ്യാപാരം, പെറ്റ് കെയര്‍ സേവനം ബില്‍ഡിങ് മാനേജ്മെന്റ് എന്നിവയാണ് സ്വദേശികൾക്ക് മാത്രമായി നിക്ഷേപത്തിന് പരിമിതപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.