മസ്കത്ത്: ഒമാനിലെ ആദ്യകാല ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയെ ദോഫാർ ബാങ്ക് സ്വന്തമാക്കുന്നു. പ്രമുഖ ഇന്ത്യൻ ബാങ്കായ ബറോഡയുടെ നടത്തിപ്പിനുള്ള ശിപാർശക്ക് ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിക്കഴിഞ്ഞു.
ബാങ്ക് ഓഫ് ബറോഡയുടെ ഒമാൻ ശാഖ ഏറ്റെടുക്കുവാനുള്ള തീരുമാനം ഈ മാസം മൂന്നിന് നടന്ന യോഗത്തിൽ ഡയറക്ടർ ബോർഡ് എടുത്തതായി അധികൃതർ ഫൈനാൻഷ്യൽ സർവിസ് അതോറിറ്റിയെയും മസ്കത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിനെയും നിക്ഷേപകരെയും അറിയിച്ചിരുന്നു.
ഇത് സംബന്ധമായ രേഖകൾ മസ്കത്ത് സ്റ്റോക്ക് എസ്ചേഞ്ചിനെയും അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബാങ്കിന്റെ എല്ലാ ആസ്തികളും ബാധ്യതകളും ബാങ്ക് ദോഫാർ ഏറ്റെടുക്കും. ബാങ്ക് ഓഫ് ബറോഡ ഏറ്റെടുക്കാനുള്ള വ്യവസ്ഥകൾക്കും അവസാനഘട്ട ചർച്ചകൾക്കും കരാറുകൾക്കും ശേഷമായിരിക്കും ഏറ്റെടുക്കൽ നടക്കുക.
ബിസിനസുകൾ കൈമാറുന്നതടക്കമുള്ള കരാറുകളും അന്തിമമായി തീർപ്പിലാവേണ്ടതുണ്ട്. ഏറ്റെടുക്കലിൽ ഒമാൻ സെൻട്രൽ ബാങ്കിന്റെയും മറ്റു റെഗുലേറ്ററി അതോറിറ്റികളുടെയും അംഗീകാരവും ആവശ്യമാണ്.
ഇന്ത്യയിലെ പ്രധാന പൊതു ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ദോഫാർ ബാങ്കിന് കൈമാറാനുള്ള തീരുമാനം ഇന്ത്യൻ എക്സ്ചേഞ്ചുകളെ കഴിഞ്ഞ വ്യാഴാഴ്ച അറിയിച്ചിരുന്നു. ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അംഗീകാരം കിട്ടുന്ന മുറക്കായിരിക്കും ബാങ്കിന്റെ ആസ്തികൾ കൈമാറുകയെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ മാർച്ച് 31ന്റെ കണക്കനുസരിച്ചുള്ള ബാങ്ക് ഓഫ് ബറോഡയുടെ ഒമാൻ ശാഖക്ക് 113.35 ദശലക്ഷം റിയാലിന്റെ ആസ്തിയാണുള്ളത്.
ബാങ്ക് ഓഫ് ബറോഡ അതിന്റെ വിദേശ സേവനങ്ങൾ വിപുലമായ വിലയിരുത്തലിനുശേഷം കുറക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഒമാൻ ശാഖ ദോഫാർ ബാങ്കിന് കൈമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.