മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷന് ഒൗദ്യോഗിക തുടക്കമായി. സീബ് പോളിക്ലിനിക്കിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ ഒമാനിലെ പ്രതിനിധി ഡോ. ജോൺ ജാബുർ ആണ് രണ്ടാമതായി വാക്സിൻ സ്വീകരിച്ചത്. പിന്നീട് ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരും വാക്സിൻ സ്വീകരിച്ചു.
ഫിലിപ്പിനോ സ്വദേശി ഫ്രോലിയാൻ ക്രൂസ് ഡിയോൽസയാണ് വാക്സിൻ സ്വീകരിച്ച ആദ്യ ആരോഗ്യപ്രവർത്തകൻ.
ആരോഗ്യപ്രവർത്തകർ, ഗുരുതര രോഗബാധിതർ, 65 വയസ്സിന് മുകളിലുള്ളവർ അടക്കം മുൻഗണനാപട്ടികയിൽ ഉള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. 21 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളാണ് നൽകുക.
15,600 ഡോസ് വാക്സിൻ ആണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. രണ്ടാംഘട്ടമായ 28,000 ഡോസ് ജനുവരിയിൽ ലഭിക്കും. വാക്സിൻ എടുക്കൽ നിയമപ്രകാരം നിർബന്ധമാക്കില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒാരോ പ്രദേശത്തും വാക്സിൻ സ്വീകരിക്കുന്നവരെ നിരീക്ഷിക്കുന്നതിന് തറാസുദ് പ്ലസ് പ്ലാറ്റ്ഫോം ഇലക്ട്രോണിക് സംവിധാനം ഒരുക്കിയിട്ടുണ്ട്. വാക്സിെൻറ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യാനും സംവിധാനമുണ്ട്.
ആദ്യഘട്ടത്തിൽ 7500 പേർക്കാണ് വാക്സിൻ നൽകുക. ഇതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മസ്കത്തിൽ മൂന്നും തെക്കൻ ബാത്തിനയിൽ നാലും വടക്കൻ ബാത്തിനയിൽ ആറും മുസന്ദമിൽ അഞ്ചും വടക്കൻ ശർഖിയയിൽ നാലും തെക്കൻ ശർഖിയയിൽ നാലും വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ദാഖിലിയയിൽ ഏഴും ദാഹിറയിൽ മൂന്നും ദോഫാറിൽ രണ്ടും അൽ വുസ്തയിൽ നാലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിൻ നൽകേണ്ട മുൻഗണന പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പിെൻറ ടെക്നിക്കൽ ടീം ആണ് കണ്ടെത്തുക. മുൻഗണന പട്ടികയിലുള്ളവർക്ക് സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ സ്വീകരിക്കേണ്ടവരെ ആരോഗ്യവകുപ്പ് അധികൃതർ വിവരമറിയിക്കും.
വാക്സിനുകൾ തെരഞ്ഞെടുക്കുന്നതിനായി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ഇൗ രംഗത്ത് പരിചിതരായവരുടെ വർക്കിങ് കമ്മിറ്റി രൂപവത്കരിച്ചതായി ചടങ്ങിൽ സംസാരിച്ച മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു. ഉൽപാദന സാഹചര്യവും ആഗോളതലത്തിലെ ആവശ്യവും കണക്കിലെടുത്ത് ഇൗ വർഷം അവസാനം വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും വാക്സിൻ ലഭിക്കുകയെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
ചെറിയ വേദന, ചുവപ്പ്, ഇഞ്ചക്ഷൻ എടുത്ത സ്ഥലത്തെ വീക്കവും തുടർന്നുള്ള പനിയും തുടങ്ങി മറ്റ് മരുന്നുകൾക്കുള്ള പാർശ്വഫലങ്ങൾ മാത്രമാണ് കോവിഡ് വാക്സിനും ഉള്ളതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രി പറഞ്ഞു. വളരെ ചെറിയ ശതമാനം ആളുകൾക്ക് തൊണ്ടവേദന, ഒാക്കാനം, സന്ധിവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. ശരീരത്തിലെ പ്രതിരോധ സംവിധാനം വാക്സിനോട് പ്രതികരിക്കാൻ തുടങ്ങിയെന്നതിന് അടയാളമാണിതെന്ന് ഡോ. അൽ അബ്രി പറഞ്ഞു. ക്ലിനിക്കൽ ട്രയൽ ഘട്ടത്തിൽ ഗുരുതരമായ ഒരു പാർശ്വഫലവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്സിൻ സ്വീകരിച്ചുവെന്ന് കരുതി പ്രതിരോധ മാർഗങ്ങൾ ഉപേക്ഷിക്കരുത്. വാക്സിനെ അധിക പ്രതിരോധ മാർഗമായി മാത്രം കണക്കാക്കിയാൽ മതിയെന്നും ഡോ. അബ്രി കൂട്ടിച്ചേർത്തു. വാക്സിനായി തെരഞ്ഞെടുക്കപ്പെട്ടവർ രണ്ട് ഡോസും സ്വീകരിക്കണം. ഒരു ഡോസ് കൊണ്ട് മാത്രം കാര്യമുണ്ടാകില്ല. രണ്ടാമത്തെ വാക്സിൻ എടുത്ത് ഏഴുദിവസത്തിന് ശേഷമാണ് വാക്സിെൻറ ഗുണം ലഭിച്ചുതുടങ്ങുകയുള്ളൂ. അതുവരെയുള്ള സമയത്ത് രോഗബാധിതരാകാൻ സാധ്യതയുണ്ടെന്നും ഡോ. അബ്രി പറഞ്ഞു.
കോവിഡിെൻറ പ്രകടമായ ലക്ഷണങ്ങളും സങ്കീർണതകളും കുറക്കുകയാണ് വാക്സിൻ ചെയ്യുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ വഴി എത്രനാൾ ശരീരത്തിന് സംരക്ഷണം ലഭിക്കുമെന്ന കാര്യം പറയാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണ്.
കോവിഡ് വാക്സിനെ കുറിച്ച കാമ്പയിൻ നടത്തിവരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.