ഗസ്സ മുനമ്പിലേക്ക്​ മാനുഷിക സഹായം എത്തിക്കാൻ അതിർത്തികൾ തുറക്കണം -അന്‍റോണിയോ ഗുട്ടെറസ്

മസ്‌കത്ത്​: ഒമാനും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള അസാധാരണ പങ്കാളിത്തത്തിന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് സുൽത്താൻ ഹൈതം ബിൻ താരിഖിന് നന്ദിയും കടപ്പാടും അറിയിച്ചു. സുൽത്താനേറ്റിൽ സന്ദർശനത്തിനായെത്തിയ അദ്ദേഹം ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​. നിരവധി പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒമാന്‍റെ പങ്കിനെയും പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

മേഖലയിലെ ‘സമാധാന നിർമാതാവ്’ എന്നാണ് അദ്ദേഹം ഒമാനെ വിശേഷിപ്പിച്ചത്. എല്ലാവരും ബഹുമാനിക്കുന്നതിനാൽ സുൽത്താനേറ്റിനെ ‘ജ്ഞാനത്തിന്‍റെ ശബ്ദം’ എന്നും ‘അനിവാര്യമായ പങ്കാളി’ എന്നും യു.എൻ. സെക്രട്ടറി ജനറൽ വിശേഷിപ്പിച്ചു. ‘സത്യസന്ധമായ പങ്കാളി’ ആയതിനാൽ ആഗോള ശക്തികളുമായി സംസാരിക്കാനുള്ള കഴിവ് ഒമാൻ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഒമാന്‍റെ ശ്രമങ്ങളെ ഉയർത്തികാട്ടിയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. സുൽത്താനേറ്റും യു.എന്നും അതിന്‍റെ വിവിധ സംഘടനകളും തമ്മിലുള്ള സഹകരണത്തിന്‍റെ നിലവിലുള്ള ബന്ധങ്ങളുടെ പ്രാധാന്യവും ഗുട്ടെറസ് അടിവരയിട്ടു പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് ഒമാന്‍റെ നിരന്തരമായ പിന്തുണയെ കുറിച്ചും മേഖലയിൽ സംഭാഷണത്തിനും സമാധാന ഉടമ്പടിയിലെത്തുന്നതിനും സാഹചര്യമൊരുക്കുന്നതിൽ ഒമാൻ വഹിക്കുന്ന പങ്കി​നെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

അങ്ങേയറ്റം ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും ഗസ്സയിലെ ജനങ്ങളെ സേവിക്കുന്നതിന് എല്ലാ വിഭവങ്ങളും ശേഷികളും സമാഹരിക്കാനുള്ള ശ്രമങ്ങൾ യു.എൻ ഒഴിവാക്കുന്നില്ലെന്ന് സെക്രട്ടറി ജനറൽ വ്യക്തമാക്കി. സിവിലിയൻമാർ അഭൂതപൂർവമായ രീയിയിൽ ഇരകളാകുന്നതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.

ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലേക്കും മാനുഷിക സഹായം എത്തിക്കുന്നത്​ ഉറപ്പാക്കാൻ എല്ലാ അതിർത്തികളും തുറക്കണമെന്ന് ഗുട്ടെറസ് ഇസ്രായേൽ സ്വാധീനമുള്ള രാജ്യങ്ങളോട് അഭ്യർഥിച്ചു. സിവിലിയൻമാരുടെ തുടർച്ചയായ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഗാസ്സയിലെ എല്ലാ സൈനിക നടപടികളും ഉടനടി അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകത​യെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനും ഫലസ്തീന് അതിന്‍റെ ഭൂമിയിൽ പൂർണ പരമാധികാരം നൽകുന്നതിനുമുള്ള ശ്രമങ്ങൾ നടത്തേണ്ടതിന്‍റെ പ്രാധന്യത്തെ കുറിച്ചും അദ്ദേഹം അടിവരയിട്ട്​ പറഞ്ഞു.

Tags:    
News Summary - Borders should be opened to bring humanitarian aid to Gaza - Antonio Guterres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.