മസ്കത്ത്: ജി.എസ്.ടി കുരുക്കിൽ നട്ടംതിരിയുകയായിരുന്ന ഗൾഫ് കാർഗോ മേഖലക്ക് ഭാഗിക ആശ്വാസവുമായി കേന്ദ്ര സർക്കാർ. വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 13നാണ് ഇതുസംബന്ധിച്ച അറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ചത്. ഉടനടി തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പിൽ ഉള്ളത്. സാധനങ്ങളുടെ വിലയും ചരക്കുകൂലിയും ചേർത്താണ് 5000 രൂപ പരിധി നിശ്ചയിച്ചത്. ഇളവ് ഏതുരീതിയിലാണ് എന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് ഒമാനിൽ കാർഗോ രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു. ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുന്നത് സംബന്ധിച്ച് പരിശോധന നടത്തിവരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ തീരുമാനം കാർഗോ മേഖലക്ക് ഉണർവുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി പേർ അന്വേഷണങ്ങളുമായി എത്തുന്നുണ്ട്. നേരത്തേ 20,000 രൂപയുടെ സാധനങ്ങൾ നാട്ടിലേക്ക് നികുതിയൊന്നുമില്ലാതെ അയക്കാമായിരുന്നു.
കഴിഞ്ഞ ജൂണിലാണ് ഇൗ സൗകര്യം റദ്ദാക്കിയത്. ഒരു മുന്നറിയിപ്പും നൽകാതെയാണ് കേന്ദ്ര സർക്കാർ ഇൗ തീരുമാനം നടപ്പാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. നാട്ടിലേക്കയച്ച ടൺകണക്കിന് കാർഗോ ഉരുപ്പടികളാണ് വിവിധ വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്നത്. തുടർന്ന് പാർസൽ ഏജൻസികൾ പണം സ്വരൂപിച്ച് നികുതി അടച്ചാണ് സാധനങ്ങൾ ക്ലിയർ ചെയ്തത്.
സാധനങ്ങൾ ഡെലിവറി ചെയ്യുേമ്പാൾ അധിക തുക നൽകാമെന്ന് ഉപഭോക്താക്കളിൽനിന്ന് ഉറപ്പുവാങ്ങിയ ശേഷമാണ് ക്ലിയറൻസ് നടത്തിയത്. ജൂൺ വരെ കിലോക്ക് 1.300 റിയാൽ ആയിരുന്നു കേരളത്തിലേക്കുള്ള കാർഗോനിരക്ക്. ‘ജി.എസ്.ടി’ കുരുക്കിന് ശേഷം ഇത് 1.600 റിയാലായി ഉയർന്നു. നിരക്ക് ഉയർന്നതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായതെന്നും അത് ഇപ്പോഴും തുടർന്നുവരുകയാണെന്നും കാർഗോ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേർ ഇൗ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. 90 ശതമാനവും മലയാളികളാണ്. ഇവർ തൊഴിൽ നഷ്ടപ്പെടലിെൻറ ഭീതിയിലുമായിരുന്നു.
1993ലാണ് 5,000 രൂപയുടെ സമ്മാനങ്ങൾ പ്രവാസികൾക്ക് നികുതിയൊന്നുമില്ലാതെ നാട്ടിലേക്കയക്കാൻ ആദ്യം അനുമതി ലഭിച്ചത്. 1998ൽ ഇൗ പരിധി 10,000 രൂപയായും കഴിഞ്ഞവർഷം 20,000 രൂപയായും ഉയർത്തിയിരുന്നു. വിമാനത്തിൽ യാത്രക്കാരന് സാധാരണ ഗതിയിൽ 30 കിലോ ബാഗേജ് മാത്രമേ കൊണ്ടുപോകാനാകൂ എന്നതിനാൽ പ്രവാസികൾ വീട്ടിലേക്കുള്ള പല സാധനങ്ങളും കാർഗോ വഴിയാണ് അയച്ചിരുന്നത്. കാർഗോ മേഖല പ്രതിസന്ധിയിലായതിനെ തുടർന്ന് മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന ഇൗ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ‘ഇൻറർനാഷനൽ കൊറിയർ ഏജൻറ്സ് വെൽെഫയർ അസോസിയേഷൻ’ ജൂലൈയിൽ തിരുവനന്തപുരത്ത് ധനമന്ത്രി തോമസ് െഎസക്കിന് നിവേദനം നൽകിയിരുന്നു.
തുടർന്ന്, കേന്ദ്ര സർക്കാറിനും മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർക്കും സംഘടന നിവേദനം നൽകുകയുണ്ടായി.
കാർഗോ മേഖല സജീവമാകുന്നതോടെ സൂപ്പർമാർക്കറ്റുകളിലെയും ചെറുകിട സ്ഥാപനങ്ങളിലെയും കച്ചവടവും മെച്ചപ്പെടും. റൂവിയിലെയും മത്രയിലെയും ചെറുകിട കച്ചവടക്കാർ കച്ചവടം കുറഞ്ഞതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.