മസ്കത്ത്: ഗൾഫ് മേഖലയിലെ പ്രമുഖ ട്രാവൽ മാനേജ്മെന്റ് കമ്പനിയായ കോസ്മോ ട്രാവൽസിന്റെ നവീകരിച്ച ഓഫിസ് അൽഖുവൈറിൽ തുറന്നു. ബൗഷർ വാലി സയ്യിദ് അഹ്മദ് ബിൻ ഹിലാൽ അൽ ബുസൈദി, കോസ്മോ ട്രാവൽ സി.ഇ.ഒ ജമാൽ അബ്ദുൽ നാസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഇടപാടുകാർക്ക് കൂടുതൽ സൗകര്യപ്രദവും പെട്ടെന്ന് എത്താവുന്നതുമായ ഒരു കോൺടാക്ട് പോയന്റായാണ് പുതിയ ഓഫിസ് രൂപകൽപന ചെയ്തിരിക്കുന്നത്. ഫ്ലൈറ്റ് ടിക്കറ്റുകൾ, അവധിക്കാല പാക്കേജുകൾ, താമസം, വിസ സഹായം തുടങ്ങി യാത്രാസേവനങ്ങളുടെ സമഗ്രമായ ഒരു നിരയാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
വ്യക്തികളെയും കുടുംബങ്ങളെയും അവരുടെ യാത്രാസ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കോസ്മോ ട്രാവൽ സി.ഇ.ഒ ജമാൽ അബ്ദുൽ നാസർ പറഞ്ഞു. വിദഗ്ധ യാത്ര ഉപദേശങ്ങളിലേക്കും സേവനങ്ങളിലേക്കും സൗകര്യപ്രദമായ ആക്സസ് നൽകുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് പുതിയ ഓഫിസ്. ഒമാനിലെ വിവിധ വിഭാഗങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് എ.ടി.എം 2023ൽ ദുബൈയിൽ ഒപ്പുവെച്ച ധാരണപത്രം വഴി, ഒമ്രാൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വിസിറ്റ് ഒമാന്റെ പങ്കാളിയുമാണ് കോസ്മോ ട്രാവലെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ, ജോർഡൻ, ഇറാഖ്, ഈജിപ്ത്, അർമീനിയ, ഇന്ത്യ എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിലായി 70ലധികം ശാഖകളിൽ പ്രവർത്തിക്കുന്ന കോസ്മോ ട്രാവലിന് ആയിരത്തിലധികം ജീവനക്കാരുടെ സമർപ്പിത ടീമുണ്ട്. വ്യക്തികളുടെയും കോർപറേറ്റ് സ്ഥാപനങ്ങളുടെയും വൈവിധ്യമാർന്ന യാത്ര ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട്, ടീമിന്റെ വ്യാപ്തിയും സേവനങ്ങളും വിപുലീകരിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇയിലെ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യയുടെ ഉടമസ്ഥതയിലുള്ള സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഐ.എ.ടി.എ സർട്ടിഫൈഡ് ട്രാവൽ മാനേജ്മെന്റ് കമ്പനിയാണ് കോസ്മോ ട്രാവൽ. 2010ൽ ആണ് കമ്പനി ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.cozmotravel.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.