മസ്കത്ത്: കോവിഡ് പരിശോധന ഒമാനിൽ സൗജന്യമാണെങ്കിലും സർക്കാർ സംവിധാനങ്ങളിൽ രോഗലക്ഷണങ്ങളുള്ളവർക്ക് മാത്രമാണ് പരിശോധനാ സൗകര്യം ലഭിക്കുകയുളളൂ. പ്രകടമായ ലക്ഷണങ്ങൾ കാണിക്കാത്തവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ പരിശോധനയാണ് ആശ്രയം. നിലവിലുള്ള പി.സി.ആർ പരിശോധനക്ക് 70 റിയാൽ വരെയാണ് നിരക്ക്. ഉയർന്ന നിരക്ക് മൂലം പരിശോധനകൾ നടത്താൻ മടിച്ചുനിൽക്കുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും. ഇത്തരക്കാർക്ക് ആശ്വാസമേകുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം പുതിയ കോവിഡ് പരിശോധനാ കിറ്റിന് അംഗീകാരം നൽകി. ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തിെൻറ മേധാവി ഡോ. മാസിൻ അൽ ഖാബൂരി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യമറിയിച്ചത്. പത്ത് റിയാലാണ് പുതിയ പരിശോധനാ കിറ്റിന് ചെലവ് വരുക. ഇത് വൈകാതെ തന്നെ ഒമാനിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ തുടക്കത്തിൽ സ്വകാര്യ ആശുപത്രികൾ സൗജന്യമായി പരിശോധന നടത്തിയിരുന്നു. പരിശോധനാ ചെലവ് ആരോഗ്യ മന്ത്രാലയം പിന്നീട് തിരിച്ചുനൽകുമെന്ന ധാരണയിലാണ് ഇത് ചെയ്തത്. മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരോഗ്യ മന്ത്രാലയം കൂടുതൽ സൗജന്യ പരിശോധനാ കേന്ദ്രങ്ങൾ തുറന്നപ്പോഴാണ് ഇത് നിർത്തിയത്. സ്വകാര്യ മേഖലയിലെ അടിസ്ഥാന ടെസ്റ്റിന് ഇപ്പോൾ 45 മുതൽ 50 റിയാൽ വരെ ചെലവ് വരും. ചില സ്ഥാപനങ്ങൾ ഉപകരണങ്ങളും ജീവനക്കാരുമായി ബന്ധപ്പെട്ട ചെലവിൽ അതിൽ കൂടുതൽ തുക ഇൗടാക്കുന്നുണ്ടെന്നും ഡോ. മാസിൻ പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളിലെ ചെലവ് താങ്ങാൻ കഴിയാത്ത രോഗലക്ഷണങ്ങളുള്ളവർക്ക് മത്ര, സീബ് ഷരാദി, റുസൈൽ എന്നിവിടങ്ങളിലുള്ള വിസ മെഡിക്കൽ സെൻററുകളിലും ഗാലയിൽ ഹോളിഡേ ഇന്നിന് സമീപവുമുള്ള കേന്ദ്രങ്ങളിലെത്തി സൗജന്യ പരിശോധനക്ക് സാമ്പിളുകൾ നൽകാവുന്നതാണ്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടര മുതൽ ഒരു മണി വരെയാണ് സാമ്പിളുകൾ ശേഖരിക്കുക. പരിശോധനക്ക് എത്തുന്ന വിദേശികൾ റസിഡൻറ് കാർഡ് അല്ലെങ്കിൽ ജോലി ചെയ്യുന്ന കമ്പനിയുടെ പേരുള്ള രേഖ കാണിക്കണം. കമ്പനി പ്രതിനിധി ഒപ്പമുണ്ടായാൽ മതി.
റസിഡൻറ് കാർഡ് ഇല്ലാത്തവരാണെങ്കിൽ ടെലിഫോൺ നമ്പർ നൽകിയാൽ മതി. ഇൻഷൂറൻസ് ചെലവ് സംബന്ധിച്ച ചോദ്യത്തിന് കിടപ്പിലായ രോഗികളുെട ചെലവ് മാത്രമാണ് ഇൻഷൂറൻസ് കമ്പനികൾ വഹിക്കുകയുള്ളൂവെന്ന് ഡോ. മാസിൻ പറഞ്ഞു. മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും സമയത്ത് എല്ലാ ചെലവുകളും വഹിക്കാൻ ഇൻഷൂറൻസ് കമ്പനികൾക്ക് ബാധ്യതയുണ്ടായിരിക്കില്ല. ഗോനു ചുഴലിക്കാറ്റിെൻറ സമയത്ത് വാഹനങ്ങൾക്കുണ്ടായ തകരാറിന് ഇൻഷൂറൻസ് പരിരക്ഷ ലഭിച്ചിരുന്നില്ലെന്ന് ഡോ. മാസിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.