മസ്കത്ത്: കോവിഡ് വാക്സിനേഷന് ഒമാനിൽ ഞായറാഴ്ച തുടക്കമാകും. വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഗുരുതര രോഗബാധിതരും മുതിർന്നവരും രോഗപ്രതിരോധ ശേഷിയില്ലാത്തവരുമടക്കം മുൻഗണനാ പട്ടികയിൽ ഉള്ളവർക്കായാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുക. ഇതിനായി തെരഞ്ഞെടുത്തവരെ ആരോഗ്യവകുപ്പ് അധികൃതർ നേരിട്ട് ബന്ധപ്പെടും. രാവിലെ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും.
മസ്കത്ത് ഗവർണറേറ്റിൽ മൂന്നിടങ്ങളിലാണ് വാക്സിനേഷൻ. സീബ്, ബോഷർ, ഖുറിയാത്ത് എന്നിവിടങ്ങളിലെ സ്പെഷലൈസ്ഡ് പോളിക്ലിനിക്കുകളാണ് വാക്സിനേഷൻ കേന്ദ്രങ്ങളായി തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സീബ്, ബോഷർ പോളിക്ലിനിക്കുകളിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴര മുതൽ രാത്രി എട്ടുവരെയും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ ഒമ്പതര മുതൽ വൈകീട്ട് മൂന്നര വരെയും ഖുറിയാത്തിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴര മുതൽ ഉച്ചക്ക് രണ്ടര വരെയുമായിരിക്കും വാക്സിനേഷൻ.
ആദ്യഘട്ടമായുള്ള 15,600 ഡോസ് ഫൈസർ കോവിഡ് വാക്സിൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. രണ്ടാം ഘട്ടമായുള്ള 28,000 ഡോസ് ജനുവരിയിലും എത്തും.വിവിധ ഘട്ടങ്ങളിലായി ജനസംഖ്യയുടെ 60 ശതമാനം പേർക്ക് വാക്സിൻ നൽകാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. നഴ്സുമാർക്കായി കഴിഞ്ഞദിവസങ്ങളിലായി വാക്സിനേഷൻ പരിശീലനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.