മസ്കത്ത്: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കിൽ വർധനവ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 7125 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 257,689 ആയി. രോഗമുക്തി നിരക്കാകട്ടെ 90.4 ശതമാനമായി ഉയരുകയും ചെയ്തു.
3217 പേരാണ് മൂന്നു ദിവസത്തിനിടെ പുതുതായി രോഗബാധിതരായത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,84,905 ആയി. 52 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 3423 ആയി. സീബിലാണ് ഏറ്റവും കൂടുതൽ മരണം നടന്നത്. 12 പേരാണ് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സീബിൽ മരിച്ചത്. മസ്കത്ത്, ബോഷർ വിലായത്തുകളിൽ അഞ്ചു പേർ വീതവും മത്ര, അമിറാത്ത്, ഖുറിയാത്ത് എന്നിവിടങ്ങളിൽ ഓരോരുത്തരും മരണപ്പെട്ടു. വടക്കൻ ബാത്തിന ഗവർണറേറ്റാണ് മരണത്തിൽ അടുത്ത സ്ഥാനത്ത്, പത്തു പേരാണ് ഇവിടെ മരണപ്പെട്ടത്.
137 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1391 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 501 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച 1215 പേരും വെള്ളിയാഴ്ച 1082 പേരും രോഗബാധിതരായപ്പോൾ ശനിയാഴ്ച ഏറെ നാളത്തെ ഇടവേളക്കു ശേഷം പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തിയതും ആശ്വാസമായി. ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും കുറവു ദൃശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.