മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി ഈ വർഷം സുൽത്താൻ ഖാബൂസ്, ഖസബ്, സലാല എന്നീ തുറമുഖങ്ങളിൽ മുപ്പതോളം ക്രൂസ് കപ്പലുകൾ എത്തും. ഒമാൻ തുറമുഖ അതോറിറ്റിക്ക് നൽകിയ ആഗോള ഷെഡ്യൂളിലാണ് ഇക്കാര്യം പറയുന്നത്. ഇതിലൂടെ ഏകദേശം 1.5 ലക്ഷം യാത്രക്കാർ രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ഓരോ കപ്പലിലെയും ആളുകളുടെ ശേഷി, എത്തുന്നതും പുറപ്പെടുന്നതുമായ സമയം തുടങ്ങിയവയൊക്കെ ഷെഡ്യൂളിൽ പറയുന്നുണ്ട്.
ഇവയിൽ പലതും സുൽത്താനേറ്റിൽ ഒന്നോ രണ്ടോ ദിവസം തങ്ങുമ്പോൾ മറ്റുള്ളവ അന്നുതന്നെ പോകുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോസ്റ്റ ടോസ്കാന, ഐഡ കോസ്മ, എം.എസ്.സി ഓപറ, മെയിൻ ഷിഫ് ആറ്, ക്വീൻ മേരി രണ്ട്, നോർവീജിയൻ ജേഡ് എന്നിവയാണ് ഈ വർഷം ഒമാൻ തീരങ്ങളിൽ എത്തുന്ന ആഡംബര കപ്പലുകളിൽ ചിലത്.
അതേസമയം, ശൈത്യകാല സീസണിന്റെ ഭാഗമായി നിരവധി കപ്പലുകൾ സുൽത്താൻ ഖാബൂസ് പോർട്ട്, സലാല, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ നേരത്തേ വന്നിരുന്നു. ഈ മാസം മൂന്നിന് സലാലയിൽ എത്തിയത് ‘അമേര’ ക്രൂസ് കപ്പൽ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 696 വിനോദ സഞ്ചാരികളടക്കം 1082 യാത്രക്കാരായിരുന്നു ആഡംബര കപ്പലിലുണ്ടായിരുന്നത്. ദോഫാർ ഗവർണറേറ്റിലെ പ്രധാനപ്പെട്ട പൈതൃക, വിനോദസഞ്ചാര, പുരാവസ്തു കേന്ദ്രങ്ങളും പാർക്കുകളിലും പരമ്പരാഗത മാർക്കറ്റുകളും വിനോദ സഞ്ചാരികൾ സന്ദർശിക്കുകയും ചെയ്തു.
സീസണിന്റെ ഭാഗമായി സലാലയിൽ എത്തുന്ന അഞ്ചാമത്തെ ആഡംബര കപ്പലായിരുന്നു ഇത്. കഴിഞ്ഞ വർഷം ഡിസംബർ 12ന് ഇറ്റാലിയൻ ആഡംബര കപ്പൽ ‘കോസ്റ്റ ടോസ്കാന’യും 27ന് ‘അർട്ടാനിയ’യും നവംബർ എട്ടിന് 881 വിനോദ സഞ്ചാരികൾ ഉൾപ്പെടെ 1332 യാത്രക്കാരുമായി വൈക്കിങ് മാർസും ഒക്ടോബർ 21ന് 1651 വിനോദ സഞ്ചാരികളുമായി ‘ക്വീൻ എലിസബത്തും’ തീരം തൊട്ടിരുന്നു. ഈ സീസണിലെ ആദ്യ ആഡംബര കപ്പൽ മെയിൻ ഷിഫ് കഴിഞ്ഞ വർഷം ഒക്ടോബർ 28ന് സുൽത്താൻ ഖാബൂസ് പോർട്ടിൽ വന്നിരുന്നു.
കുറെ വർഷമായി കോവിഡിന്റെ പിടിയിലമർന്ന ക്രൂസ് മേഖലയിൽ വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്. 2019ൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് ആകെ 6,60,295 വിനോദ സഞ്ചാരികളുമായി 163 ക്രൂസ് കപ്പലുകളാണ് എത്തിയത്. 2020ൽ ഇവിടെ 66 ക്രൂസ് കപ്പലുകളാണ് വന്നത്.
ഇതിലൂടെ 2,63,587 സഞ്ചാരികൾ എത്തുകയും ചെയ്തു. 2019ൽ 1,36,984 വിനോദ സഞ്ചാരികളുള്ള 70 ക്രൂസ് കപ്പലുകൾ ഖസബ് തുറമുഖത്തിന് ലഭിച്ചു. 2020ൽ 31 ക്രൂസ് കപ്പലുകളാണ് ലഭിച്ചത്. 1,25,110 വിനോദ സഞ്ചാരികൾ എത്തുകയും ചെയ്തു. 2020ൽ നാല് ക്രൂസ് കപ്പലുകൾ മാത്രമാണ് സലാല തുറമുഖത്ത് എത്തിയത്. എന്നാൽ, 69,060 വിനോദ സഞ്ചാരികളുമായി 45 ക്രൂസ് കപ്പലുകളാണ് 2019ൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.