മസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് തേജിന്റെ നേരിട്ടുള്ള ആഘാതം ദോഫാറിലും അൽവുസ്തയിലും തുടങ്ങി. കനത്ത കാറ്റും മഴയുമാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, സലാല തുടങ്ങിയ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. നേരീയതോതിൽ തുടങ്ങിയ മഴ അർധ രാത്രിയൊടെ ശക്തിയാർജിക്കുകയായിരുന്നു.
നിതാന്ത ജാഗ്രതയുമായി അധികൃതർ കാര്യങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഒമാൻ തീരത്തുനിന്ന് 450 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ കേന്ദ്രം. ഇതുമായി രൂപപ്പെട്ട മഴമേഘങ്ങൾ ദോഫാർ ഗവർണറേറ്റിലെ സദാ വിലായത്തിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്ദിശയിൽ ദോഫാർ ഗവർണറേറ്റിന്റെയും യമനിലെ അൽ മഹ്റ ഗവർണറേറ്റിന്റെയും തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നത് തുടരുകയാണെന്ന് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെ കരുത്താർജിച്ച കാറ്റ് (കാറ്റഗറി നാല്) അതിശക്തിയോടെയാണ് ഒമാൻ-യമൻ തീരത്തേക്ക് നീങ്ങിയത്. എന്നാൽ, തിങ്കളാഴ്ച പുലർച്ചെ നാലോടെ ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നിലേക്ക് മാറുകയും ചെയ്തു. കാറ്റ് ദുർബലമായി (കാറ്റഗറി ഒന്ന്) ചൊവ്വാഴ്ചയോടെ യമൻ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത കാറ്റും മഴയും തുടരും. വിവിധ ഇടങ്ങളിലായി 50മുതൽ 150 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 46മുതൽ 64 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റിന്റെ വേഗം. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കും. 74മുതൽ 129 കി.മീ വേഗത്തിലായിരിക്കും കാറ്റ് വീശുക. 200മുതൽ 500 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. അറബിക്കടലിന്റെ തീരങ്ങളിൽ തിരമാലകൾ ആറ് മുതൽ 12 മീറ്റർവരെ ഉയർന്നേക്കുമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു.
തുറമുഖ അധികൃതർ, സമുദ്ര ഗതാഗത കമ്പനികൾ, കപ്പൽ ഉടമകൾ, മറൈൻ യൂനിറ്റുകൾ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നിർദേശം നൽകി. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.
മസ്കത്ത്: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തൊഴിൽ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസവും അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.