മസ്കത്ത്: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ ആഘോഷിച്ചു. ദേശീയ ഗാനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വിജയ ശരവണൻ ശങ്കരൻ മുഖ്യാതിഥിയായി.
നാനാത്വത്തിൽ ഏകത്വത്തിന്റെ ആഘോഷമാണ് റിപ്പബ്ലിക് ദിനമെന്ന് ചടങ്ങിൽ ആശംസകൾ നേർന്ന് മുഖ്യാതിഥി പറഞ്ഞു. ഉത്തരവാദിത്തമുള്ള വ്യക്തികളും പൗരന്മാരും എന്ന നിലയിൽ, നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിയിലേക്കു സംഭാവന നൽകേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശവും അദ്ദേഹം വായിച്ചു. രാജ്യസ്നേഹം വിളിച്ചോതുന്ന വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും രാഷ്ട്രത്തോടുള്ള അവരുടെ പ്രതിബദ്ധതയെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ദേശഭക്തി ഗാനവും നൃത്തവും ചടങ്ങിനു മാറ്റ് കൂട്ടി. വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, സമ്പദ്വ്യവസ്ഥ, കായികം, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവയിൽ ഇന്ത്യ നടത്തിയ കുതിപ്പ് ചിത്രീകരിക്കുന്ന പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ‘വികാസ് പഥ് പർ ഭാരതും’ സീനിയർ വിഭാഗം വിദ്യാർഥികളുടെ ദേശഭക്തി കലർന്ന ‘കേസരിയ ഭാരതും’ ശ്രദ്ധേയമായി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ, അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി ഹെഡ് ബോയ് ഓസ്റ്റിൻ സാം അനിൽ സ്വാഗതവും ഡെപ്യൂട്ടി ഹെഡ് ഗേൾ ആയിഷ സൽക്ക നന്ദിയും പറഞ്ഞു.
‘ബ്രഷ് ആൻഡ് ബിയോണ്ട്' എന്ന വിദ്യാർഥികളുടെ ചിത്ര പ്രദർശനവും ഒരുക്കിയിരുന്നു. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഇരുന്നൂറിലധികം വിദ്യാർഥികളുടെ പെയിന്റിങ്ങുകളും സ്കെച്ചുകളുമാണ് ഇതിലുൾപ്പെടുന്നത്. പ്രദർശനം ഒമാനിലെ പ്രശസ്ത കലാകാരൻ സലീം സഖി ഉദ്ഘാടനം ചെയ്തു. പ്രദർശനം ചൊവ്വാഴ്ച സമാപിക്കും. രാവിലെ ഏഴ് മുതൽ ഉച്ചക്ക് 1.30വരെയും വൈകുന്നേരം നാല് മുതൽ രാത്രി ഏഴുവരെയും പ്രദർശനം കാണാവുന്നതാണ്.
സൂർ ഇന്ത്യൻ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘാഷ പരിപാടികളിൽനിന്ന്
സൂർ: സൂർ ഇന്ത്യൻ സ്കൂളിലും വിപുലമായ രീതിയിൽ 75ാ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തെക്കൻ ശർഖിയ മേഖലയിലെ നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ഓപ്പറേഷൻസ് മേധാവി വലീദ് ഖാമിസ് അൽ നജാഷി, ഒമിഫ്കോ ഓപ്പറേഷൻസ് ഡയറക്ടർ ഇഫ്തികാർ അലി ഖാൻ എന്നിവർ മുഖ്യാതിഥികളായി. എസ്.എം.സി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു, കൺവീനർ എ.വി. പ്രദീപ് കുമാർ, എസ്.എം.സി അംഗങ്ങളായ ഷബീബ് മുഹമ്മദ്, നിഷ്റീൻ ബഷീർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. സ്കൂൾ ഗായഗ സംഘത്തിന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ ഇന്ത്യയുടെയും ഒമാനിന്റെയും ദേശീയ ഗാനങ്ങളും ആലപിച്ചു.
രാജ്യസ്നേഹം വിളിച്ചോതുന്നു ഹിന്ദി റോൾ പ്ലേ, ഇംഗ്ലീഷ്, ഹിന്ദി പ്രസംഗം, സംഘഗാനം, ഹൃദ്യമായ പ്രസംഗം എന്നിവയുൾപ്പെടെ റിപ്പബ്ലികിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന നിരവധി പരിപാടികൾ അരങ്ങേറി.
ഇന്ത്യൻ രാഷ്ട്രപതിമാരുടെ പരമ്പരയെ ചിത്രീകരിക്കുന്ന മത്സരം, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന ആകർഷകമായ സ്കിറ്റും ചടങ്ങിൽ അവതരിപ്പിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു. മുഖ്യാതിഥികൾ, എസ്.എം.സി പ്രസിഡന്റ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുഖ്യാതിഥികളായ വലീദ് ഖാമിസ് അൽ നജാഷി, ഇഫ്തികാർ അലി ഖാൻ എന്നിവർക്ക് ഉപഹാരങ്ങളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.