മസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനിക്കെതിരെയുള്ള കാമ്പയിനിന്‍റെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ 3500 ലധികം വീടുകളിൽ കൊതുക് നശീകരണി തളിച്ചു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ മാർച്ച് 27 മുതൽ ഏപ്രിൽ ആറുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നശീകരണി തളിച്ചത്. 900 ലിറ്ററിലധികം കീടനാശിനിയാണ് ഉപയോഗിച്ചത്. കൂടുതൽ മരുന്ന് തളിച്ചത് ബൗഷർ വിലായത്തിലെ ഗ്രൂബ്ര ഏരിയയിലാണ്. 2,857 വീടുകളിലാണ് കൊതുക് നശീകരണി തളിച്ചത്. അൽ അൻസബ് 254, സീബ് വിലായത്തിലെ അൽ ഹെയിൽ സൗത്ത് 235, അൽ ബഹൈസ് വാലി ഏരിയയിൽ 30, അൽ അമിറാത് വിലായത്ത് 290 എന്നിങ്ങനെ 3,666 വീടുകളിലാണ് മരുന്ന് തളിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പനിയുടെ വ്യാപനത്തിന് കാരണമാകുന്ന കൊതുകിനെ തുരത്താനുള്ള കാമ്പയിന് കഴിഞ്ഞ ദിവസം മസ്കത്ത് മാളിലും തുടക്കമായി. മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.എച്ച്.എസ്-മസ്‌കത്ത്) മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെയും മറ്റ് അനുബന്ധ അധികാരികളുടെയും സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ മാസം 30വരെ കാമ്പയിൻ തുടരും. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ്, മസ്കത്ത് ഡയറക്ടർ ജനറൽ ഡോ. തമ്ര സഈദ് അൽ-ഗഫ്രി, മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ കുറിച്ചുള്ള പ്രദർശനവും മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി സ്ഥലങ്ങളിൽ ഇത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളും പരിപാടിയിൽ വിശദീകരിച്ചു. കാമ്പയിനിന്‍റെ വിജയത്തിനായി സമൂഹത്തിൽ നിന്നുണ്ടാകേണ്ട പങ്കിനെ കുറിച്ച് ഡോ. തമ്‌റ അൽ-ഗഫ്രി ചൂണ്ടിക്കാട്ടി.
പരിസ്ഥിതി ശുചിത്വത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ആരോഗ്യകാര്യ അസി.ഡയറക്ടർ ജനറൽ ഡോ. ഷൗഖി അബ്ദുൽറഹ്മാൻ അൽ-സദ്ജലി ഊന്നിപ്പറഞ്ഞു. ഖരമാലിന്യങ്ങൾ നിർമാർജനം ചെയ്യുക, വാട്ടർ ടാങ്കുകൾ മൂടുക, ഉപയോഗിച്ച ടയറുകളും പാത്രങ്ങളും നീക്കം ചെയ്യുക തുടങ്ങിയവ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയവും മസ്‌കത്ത് മുനിസിപ്പാലിറ്റിയും വാലിസ് ഓഫിസുകളുമായി സഹകരിച്ച് വിലായത്തിലുടനീളം കാമ്പയിൻ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിൽ ഇതുവരെ 26പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ബൗഷർ -17, സീബ് -ഏഴ്, അമിറാത്-രണ്ട് എന്നിങ്ങനെയാണ് വിവിധ വിലയാത്തുകളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ കണക്കുകൾ. രാജ്യത്ത് 2019, 2020 വർഷങ്ങളിലും മസ്കത്ത്, ദോഫാർ ഗവർണറേറ്റുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.