മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഏപ്രിൽ മാസത്തിൽ ഒമാനിൽനിന്ന് നാടുകടത്തിയത് 485 വിദേശ തൊഴിലാളികളെ. വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. തൊഴിലുടമക്കല്ലാതെ ജോലി ചെയ്യുന്ന 48 ആളുകൾ, സ്വയം തൊഴിൽ ചെയ്യുന്ന 83 പേർ, സ്വദേശി പൗരൻമാർക്കായി നീക്കിവെച്ച മേഖലയിൽ ജോലി ചെയ്തിരുന്ന 10 തൊഴിലാളികൾ തുടങ്ങിയവരാണ് പിടിയിലായവർ.
അതേസമയം, തൊഴിൽ നിയമ ലംഘനത്തിനെതിരെ പരിശോധന കർശനമാക്കിയിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 60ലധികം വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ, മുനിസിപ്പാലിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും (ആർ.ഒ.പി) സഹകരണത്തോടെ സീബ് വിലായത്തിൽ നടത്തിയ പരിശോധനയിൽ 42 തൊഴിലാളികളെയാണ് പിടികൂടിയത്. ഇതിൽ 32 പേരെ നാടുകടത്തുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിൽ സംയുക്ത പരിശോധന സംഘം നേരത്തെ നടത്തിയ പരിശോധനയിൽ തൊഴിൽ നിയമ വ്യവസ്ഥകൾ ലംഘിച്ച 27 തൊഴിലാളികൾ അറസ്റ്റിലായിരുന്നു. ഇതിൽ ജോലി ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഒരാളും വിസിറ്റ് വിസയിൽ ജോലി ചെയ്യുന്നയാളും ഉണ്ടായിരുന്നു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.