മസ്കത്ത്: രാജ്യത്ത് ചൊവ്വാഴ്ച മുതൽ മറ്റൊരു ന്യൂനമർദം കൂടി ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, തെക്ക് വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, തെക്ക് വടക്ക് ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളിൽ സാമാന്യം ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ന്യൂനമർദം അടുത്ത മൂന്നു ദിവസംവരെ തുടർന്നേക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ ശൈത്യകാലത്തെ മൂന്നാമത്തെ ന്യൂനമർദമാണിതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സി.എ.എ) ഒമാനി മെറ്റീരിയോളജി ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ 10 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം ഉൾപ്പെടെയുള്ള ഒമാന്റെ തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ടുമുതൽ മൂന്നുമീറ്റർവരെ ഉയരുകയും ചെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതൽ സജീവമായ ന്യൂനമർദത്തിന്റെ ഫലമായി ഒമാനിലെ പല പ്രദേശങ്ങളിലും വിവിധ തീവ്രതയിലുള്ള മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ലഭിച്ചത് മുസന്ദം ഗവർണറേറ്റിലെ ബുഖ വിലായത്തിലാണ്. 93 മില്ലി മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഖസബ്-81 മി.മീ, വടക്കൻ ബാത്തിന ഗവർണറേറ്റിലെ വിലായത്തുകളായ ലിവ-62, ഷിനാസ്-42, സുഹാർ-18 മില്ലി മീറ്ററും മഴ ലഭിച്ചു. സീബ്, റുസ്താഖ് എന്നീ വിലായത്തുകളിൽ മൂന്ന് മി.മീറ്റർ മഴയും മുസന്നയിൽ രണ്ട് മില്ലി മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.