മസ്കത്ത്: പ്രകൃതിക്ക് നാശംവിതക്കുന്ന മെസ്കിറ്റ് മരങ്ങൾ നശിപ്പിക്കുന്നതിനുള്ള കാമ്പയിന് ഇബ്രി വിലായത്തിൽ തുടക്കമായി. ദാഹിറ ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റിയാണ് ഈ ഇനം മരങ്ങളുള്ള നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള കാമ്പയിൻ പ്രവർത്തനം നടത്തുന്നത്.
ഗവർണറേറ്റിലെ അഗ്രികൾച്ചറൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സസ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ഹാനികരമായ മരങ്ങൾ ഇല്ലാതാക്കാനുളള പ്രവർത്തനങ്ങൾ നടത്തുന്നത്. ഒമാനി പരിസ്ഥിതിക്ക് നാശമുണ്ടാക്കുകയും ഇലകളോ പഴങ്ങളോ ഭക്ഷിക്കുമ്പോൾ മൃഗങ്ങൾക്ക് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിനാലാണ് മെസ്ക്വിറ്റ് മരങ്ങൾ നീക്കം ചെയ്യാനുള്ള കാമ്പയിൻ നടത്തുന്നതെന്ന് ദാഹിറ ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് ഡയറക്ടർ ഫഹദ് ബിൻ സഈദ് അൽ നസിരി പറഞ്ഞു.
നിത്യഹരിത മുള്ളുള്ള മരങ്ങളിലൊന്നായാണ് മെസ്ക്വിറ്റ് മരത്തെ കണക്കാക്കുന്നത്. ചുറ്റുമുള്ള പരിസ്ഥിതിയുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും വേഗത്തിലുള്ള വളർച്ചയും ഇതിന്റെ സവിശേഷതയാണ്. ഒമാനുൾപ്പെടെ മിഡിൽ ഈസ്റ്റിൽ ഇതിന്റെ നാല് ഇനത്തിലുള്ള വൃക്ഷങ്ങൾ കാണപ്പെടുന്നുണ്ട്. ഇത് പ്രാദേശിക കാട്ടുമരങ്ങളെ നശിപ്പിക്കുകയും കൃഷിയിടങ്ങളിൽ വളരുകയും ചെയ്യും.
പരിസ്ഥിതി അതോറിറ്റി, സർക്കാർ, സ്വകാര്യ ഏജൻസികൾ, സിവിൽ ടീമുകൾ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവ മെസ്കിറ്റ് മരങ്ങളുടെ വ്യാപനത്തെ ചെറുക്കാനും അവയെ ഇല്ലാതാക്കാനും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.