മസ്കത്ത്: കേരള സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ഏതാനും സംഭവ വികാസങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന 'സംഹാരം' സിനിമയുടെ സ്വിച്ചോൺ കർമവും പോസ്റ്റർ പ്രകാശനവും നടന്നു.
ജെ.കെ. ഫിലിംസിന്റെ ബാനറിൽ ജയകുമാർ വള്ളികാവ് നിർമിക്കുന്ന ചിത്രം ജിജിൻ ജിത്താണ് സംവിധാനം ചെയ്യുന്നത്. ബാല്യം പിഴുതെറിയുന്നവർക്കെതിരെയുള്ള താക്കീതാണ് കേരള പശ്ചാത്തലത്തിൽ പൂർണമായും ഒമാനിൽ ചിത്രീകരിക്കുന്ന സിനിമ പറയുന്നതെന്ന് സംവിധായകനും നിർമാതാവും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അനന്തരാമനായി കബീർ യൂസുഫും പാർവതിയായി ശ്രീദേവി ശിവറാമും അവരുടെ മകളായി കിങ്ങിണി ബിജുവും ആണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ, ജയകുമാർ വള്ളികാവ്, മനോഹരൻ ഗുരുവായൂർ, റിസ്വിൻ, അനിത രാജൻ, നാദശ്രീ രഘുനാഥ്, നൗഫൽ നാഫ് തുടങ്ങി ഒമാനിലെ നിരവധി കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ജിജിൻ ജിത്തിന്റെ കഥക്ക് പ്രമോദ് പെട്ടെങ്കരയാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു മേടയിൽ ആണ് നിർവഹിക്കുന്നത്. അജീഷ് സഹസംവിധാനവും ചന്ദു മിറോഷ് കലാസംവിധാനം, മേക്കപ് എന്നിവയും കൈകാര്യം ചെയ്യുന്നു.
വിനയ് മൈനാഗപ്പള്ളി ആണ് ക്രിയേറ്റിവ് ഡയറക്ടർ. പശ്ചാത്തല സംഗീതവും ഗാനവും കേരളത്തിൽനിന്നുള്ള പ്രമുഖർ നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ രൂപകല്പന കൊല്ലം ഷാഫി ഷാ ആണ്.
വാദി കബീർ ജോണി ഇന്റർനാഷനൽ ഹോട്ടലിൽ വാർത്തസമ്മേളനത്തിൽ അണിയറ പ്രവർത്തകർ, അഭിനേതാക്കൾ തുടങ്ങി മറ്റു പ്രമുഖരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.