മസ്കത്ത്: മയക്കുമരുന്നുകൾ കേരളത്തിലെ വിദ്യാർഥി സമൂഹത്തെ കാർന്നുതിന്നുകയാണെന്നും അതിനെതിരെ രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും മുസ്‍ലിംലീഗ് സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു.കെ.എം.സി.സി സീബ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അഹ്‌ലൻ സീബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കോളജ് വിദ്യാർഥികളേക്കാൾ സ്‌കൂൾ വിദ്യാർഥികളാണ് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത്. ഇത്തരം വിദ്യാർഥികളുടെ രക്ഷിതാക്കൾ വിദേശത്താണെന്നും ഇതിനെതിരെ രക്ഷിതാക്കൾ ഏറെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഉണർത്തി. മയക്കുമരുന്നിനെതിരെ വ്യാപക പ്രചാരണം നടത്തുന്ന വിദ്യാർഥി സംഘടന എം.എസ്.എഫ് ആണ്.
എല്ലാ രംഗത്തുമെന്നപോലെ രാഷ്ട്രീയത്തിലും കാലാകാലങ്ങളിൽ തലമുറമാറ്റം ഉണ്ടാകണമെന്നും അതല്ല എങ്കിൽ പുതിയ തലമുറയുടെ ചിന്തകളെ ഉൾക്കൊള്ളാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.സീബ് സദഫ് ഹാളിൽ നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹ്മദ് ഉദ്‌ഘാടനം ചെയ്തു. എം.ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. റഹീം വറ്റലൂർ, എ.കെ.കെ തങ്ങൾ, ഖാലിദ് കുന്നുമ്മൽ, അബൂബക്കർ പറമ്പത്ത് എന്നിവർ സംസാരിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും സീബ് കെ.എം.സി.സിയുടെ മുൻ ഭാരവാഹികളെയും പൗരപ്രമുഖരെയും ചടങ്ങിൽ ആദരിച്ചു. കെ.എം.സി.സി വനിത വിഭാഗം അംഗങ്ങളുടെ പാചകമത്സരവും ആസിഫ് കാപ്പാടിന്റെ ഗാനമേളയും അരങ്ങേറി.അഹ്‌ലൻ സീബ് രുചിമേളയിൽ ഷബീന ഷംസീർ ഒന്നാം സ്ഥാനവും സംലീന രണ്ടാം സ്ഥാനവും ജസീന മൂന്നാം സ്ഥാനവും നേടി. ഗഫൂർ താമരശ്ശേരി സ്വാഗതവും ഉസ്മാൻ പന്തല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.