ഇ-ഗേറ്റ്​ പ്രവർത്തിക്കുന്നില്ല; മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ടനിര

മസ്കത്ത്​: മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്​ യാത്രക്കാർക്ക്​ പ്രയാസമുണ്ടാക്കുന്നു. മുഖംകൊണ്ട്​ തിരിച്ചറിയാൻ കഴിയുന്ന ഇ​ലക്​ട്രോണിക്ക്​ ഗേറ്റുകൾ സ്​ഥാപിക്കുന്നതിന്‍റെ ഭാഗമായാണ്​ നിലവിലുള്ളതിന്‍റെ പ്രവർത്തനം നിർത്തിയിരിക്കുന്നതെന്നാണ്​ അറിയുന്നത്​​. ഇതുമൂലം കുറച്ചു ദിവസങ്ങളായി ഇമിഗ്രേഷൻ കൗണ്ടറുകളിൽ നീണ്ട വരിയാണ്​ അനുഭവപ്പെടുന്നത്​. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മണിക്കൂറുകളാണ്​ എടുക്കുന്നത്​. കൂടാതെ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുടുംബങ്ങൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ ഇല്ലാത്തതും സ്ഥിതിഗതികൾ വഷളാക്കുന്നു. ഇത് എല്ലാ യാത്രക്കാർക്കും കൂടുതൽ കാത്തിരിപ്പിന് കാരണമാക്കുകയും ചെയ്യുന്നു.

വിമാനത്താവളത്തിലെ നിലവിലെ അവസ്ഥയെക്കുറിച്ച് നിരവധി യാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നിരാശ പ്രകടിപ്പിച്ചു. പലരും മണിക്കൂറുകളോളമുള്ള യാത്ര കഴിഞ്ഞാണ്​ എയർപോർട്ടിൽ ഇറങ്ങുന്നത്​. ഇതിന്‍റെ ക്ഷീണം മാറ്റാൻ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും വേഗം അണയണമെന്ന മോഹവുമായിട്ടായിരിക്കും വിമാനത്തിൽനിന്ന്​ പുറത്തിറങ്ങുന്നത്​. എന്നാൽ, ഇ-ഗേറ്റ്​ പ്രവർത്തിക്കാത്തതിനാൽ മണിക്കൂറുകൾ എടുത്താണ്​ ഇവർക്ക്​ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുകടക്കാനായത്​. വിമാനങ്ങൾ കൂട്ടതോടെ വരുന്നത്​ സ്ഥിതികൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നുണ്ട്​.

ദീർഘദൂര യാത്ര കഴിഞ്ഞ്​ എത്തുന്നവരെ മണിക്കൂറുകളോളം നിർത്തുന്നത്​ ശരിയല്ലെന്ന്​ പേരുവെളി​പ്പെടുത്താനാഗ്രഹിക്കാത്ത കൊച്ചിയിൽനിന്നുള്ള യാത്രകാരൻ പറഞ്ഞു. പത്ത്​ റിയാൽ നൽകിയാൽ അതിവേഗ ഇമിഗ്രേഷൻ വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗിക്കാൻ സാധിക്കും. കുടുംബങ്ങളുമായി യാത്ര ചെയ്യുന്ന സാധാരണക്കാർക്ക്​ ഇത്​ താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഫാസ്റ്റ്​ ​​ട്രാക്ക്​ സംവിധാനത്തിലും കാലതാമസം നേരിടുന്നുണ്ടെന്ന്​ ​യാത്രക്കാർ പറയുന്നു. ഇമിഗ്രേഷനിൽ നീണ്ട നിരകൾ കണ്ടതോടെയാണ്​ പലരും കഴിഞ്ഞ ദിവസങ്ങളിൽ ഫാസ്റ്റ്​ ട്രാക്ക്​ സംവിധാനത്തിലേക്ക്​ നീങ്ങിയത്​. അരമണിക്കൂറെടുത്താണ്​ ഫാസ്റ്റ്​ ട്രാക്കിലൂടെ പുറത്തുകടന്നതെന്ന്​ ഒരു യാത്രക്കാരൻ പറഞ്ഞു. ആദ്യം ഒരു ഫാസ്റ്റ് ട്രാക്ക് കൗണ്ടർ മാത്രമാണുണ്ടായിരുന്നത്. പിന്നീട്​ യാത്രക്കാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് കൗണ്ടറുകൾ തുറക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ മനസ്സിലാക്കിയതിനെ തുടർന്ന്​ വിമാനത്താവള അധികൃതർ മറ്റ് രാജ്യങ്ങളിലെ യാത്രക്കാർക്കായി ജി.സി.സി, ഒമാനി കൗണ്ടറുകൾ തുറക്കുകയും ചെയ്തു.

അതേസമയം, പുതിയ ഇ-ഗേറ്റ് മെഷിനുകൾ ഉടൻ എത്തുമെന്നും ഇത് എമിഗ്രേഷനിലെ നീണ്ട നിരയുടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. മുഖം കൊണ്ട് തിരിച്ചറിയുന്ന പുതിയ ഇ ഗേറ്റായിരിക്കും സ്ഥാപിക്കുക എന്നാണ്​ അറിയാൻ കഴിയുന്നത്​. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഉടൻതന്നെ നിലവിൽ വരും. സ്വദേശികൾക്കും വിദേശികൾക്കും പാസ്പോട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയുന്നതായിരിക്കും പുതിയ സംവിധാനം. ഒമാനിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് പഴയ നടപടിക്രമങ്ങൾ തന്നെയായിരിക്കും.

2008ൽ പഴയ വിമാനത്താവളത്തിലാണ് ആദ്യത്തെ ഇ ഗേറ്റ് ആരംഭിച്ചത്. ഒമാനിലേക്ക് വരുന്നവർക്കും ഒമാനിൽനിന്ന് പുറത്ത് പോവുന്നവർക്കും ഐ.ഡി കാർഡോ റസിഡന്റ് കാർഡോ ഉപയോഗപ്പെടുത്താമായിരുന്നു. ഇ ഗേറ്റുകൾ നിലവിൽ വന്നതോടെ യാത്ര ഏറെ എളുപ്പമാവുകയും പാസ്പോർട്ടിൽ വിസ അടിക്കുന്നതിന് നീണ്ട സമയം കാത്തിരിക്കാതെ എളുപ്പത്തിൽ ഗേറ്റുകൾ വഴി ഒമാനിലേക്ക് വരികയോ പുറത്ത് പോവുകയോ ചെയ്യാമായിരുന്നു.

Tags:    
News Summary - E-Gate is not working; Long line of passengers at Muscat International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.