മസ്കത്ത്: ബലിപെരുന്നാൾ അവധി ആരംഭിച്ചതോടെ ഒമാനിലെ എല്ലാ ഹോട്ടലുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. പല ഹോട്ടലുകളിലും ബുക്കിങ് പോലും ലഭിക്കാത്ത അവസ്ഥയാണ്. ജബൽ അഖ്ദർ, നിസ്വ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഹോട്ടലുകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ജബൽ അഖ്ദറിലെ ഹോട്ടലുകളിലെ ബുക്കിങ് നേരത്തെ തന്നെ പൂർത്തിയായതിനാൽ പുതിയ ബുക്കിങ്ങുകൾ എടുക്കുന്നില്ല. നിസ്വയിലും മറ്റും സമാനമായ ബുക്കിങ്ങുകളാണുള്ളത്.
കുടുംബങ്ങൾ തന്നെയാണ് ഹോട്ടലുകളിൽ കാര്യമായി എത്തുന്നത്. റൂവിയിലെയും അൽ ഖൂവൈറിലെയും മസ്കത്തിലെ മറ്റ് ഭാഗങ്ങളിലെയും ഹോട്ടലുകളിലും നല്ല ബുക്കിങ്ങാണുള്ളത്. ഒമാനിൽ കടും ചൂട് അനുഭവപ്പെട്ടതോടെ പലരും പെരുന്നാൾ ആഘോഷത്തിന് ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ചൂട് കാരണം വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഒഴിഞ്ഞ് കിടക്കുകയാണ്. പെരുന്നാൾ സ്റ്റേജ് പരിപാടികളും ആരും സംഘടിപ്പിക്കുന്നില്ല. ബീച്ചുകൾ മാത്രമാണ് പെരുന്നാൾ ആഘോഷക്കാർക്ക് ഏക ആശ്രയം. അതിനാൽ കുടുംബങ്ങൾക്കും മറ്റും പെരുന്നാൾ ആഘോഷിക്കാൻ ഏറ്റവും പറ്റിയ കേന്ദ്രം ഹോട്ടലുകൾ തന്നെയാണ്. ഹോട്ടലുകളിലെ ശാന്തമായ അന്തരീക്ഷവും നീന്തൽ കുളങ്ങളും മറ്റ് വിനോദ ഇനങ്ങളും കുടുംബങ്ങൾക്ക് ഏറ്റവും പറ്റിയതാണ്. പെരുന്നാളിനോടനുബന്ധിച്ച് നല്ല ഓഫറുകളും ചില ഹോട്ടലുകൾ നൽകുന്നുണ്ട്. മിക്കതിലും പ്രാതൽ സൗജന്യമാണ്. വിവിധ തരം ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ പ്രാതൽ ബൊഫെ റൂമെടുക്കുന്നവർക്കും മികച്ച ആകർഷണമാണ്. പെരുന്നാളിന്റെ ഭാഗമായി ഹോട്ടലുകളിൽ ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും പ്രത്യേക ബൊഫെയും പെരുന്നാൾ ആഘോഷത്തിനെത്തുവർക്ക് കൂടുതൽ സന്തോഷം പകരും.
ഈ പെരുന്നാളിന് ലോകത്തിലെ പ്രധാന വിനോദ സഞ്ചാര രാജ്യങ്ങളിലേക്കുള്ള യാത്രകൾ പലരും ഒഴിവാക്കുകയാണ്. പല രാജ്യങ്ങളും വിമാന ടിക്കറ്റുകൾക്ക് നല്ല വിലക്കുറവ് നൽകുന്നുണ്ടെങ്കിലും പലരും മടിച്ചു നിൽക്കുകയാണ്. നിലവിലെ ഇറാൻ, ഇസ്രായേൽ അസ്വാരസ്യങ്ങൾ ഭീതിയോടെ കാണുന്നവരും നിരവധിയാണ്. ഇത് കാരണം മേഖലയിൽ ഏത് സമയത്തും പ്രശ്നങ്ങൾ ഉണ്ടാവാമെന്ന് പലരും കണക്ക് കൂട്ടുന്നു. അതിനാൽതന്നെ യൂറോപ്യൻ രാജ്യങ്ങളിലേക്കുപോലും പലരും യാത്ര ഒഴിവാക്കുകയാണ്. ഈ സാഹചര്യം ഇന്ത്യൻ വിനോദ സഞ്ചാര മേഖലക്ക് അനുഗ്രഹമാവും. പലരും അവധി ആഘോഷിക്കാൻ ഇന്ത്യയെയാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഇന്ത്യൻ സെക്ടറിലേക്കും ഉയർന്ന വിമാനം നിരക്കും ടിക്കറ്റുകൾ ലഭിക്കാനുള്ള പ്രയാസവും കാരണം പലരും ഒമാനിൽ തന്നെ ഒതുങ്ങുകയാണ്. ഇത്തരക്കാരിൽ പലരും ഹോട്ടിലുകളെയാണ് പെരുന്നാൾ ആഘോഷത്തിന് തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.