പെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്നക്കുന്ന കുട്ടികൾ
മസ്കത്ത്: ആത്മ സായൂജ്യത്തിന്റെ മുപ്പത് പകലന്തികൾ പകർന്ന വിശ്വാസ കരുത്തുമായി വിശ്വാസികൾ തിങ്കളാഴ്ച ചെറിയപെരുന്നാൾ ആഘോഷിക്കും. ഇതര ജി.സി.സി.രാജ്യങ്ങളിൽ ഞായറാഴ്ചയായിരുന്നു പെരുന്നാൾ. റമദാനിലെ രാപ്പകലുകൾ നൽകിയ ഹൃദയ നൈർമല്യം വരും കാല ദിനരാത്രങ്ങളിലെ പാഥേയമായിരിക്കും വിശ്വാസികൾക്ക്. വിശപ്പും ദാഹവും മറന്നും ജീവിതത്തിലെ സർവ്വ പൈശാചികയും വെടിഞ്ഞും റമദാൻ ആചരിച്ചവരായിരുന്നു വിശ്വാസികൾ. ദേഹേച്ഛയും ജഡികതയും എന്തിനേറെ മനസിൽ ദുർചിന്തകൾക്ക് പോലും ഇടമില്ലാത്തതായിരുന്നു വിടചൊല്ലിയ മുപ്പത് നാളുകൾ.
ഭക്ഷണവും പാനീയവും വെടിഞ്ഞ പകലുകളും രാവറുതി വരെ നീളുന്ന പ്രാർഥനകളും ഏകിയ ആത്മ കുളിരാണ് വിശ്വാസികൾക്കിന്ന്. കഴിഞ്ഞ മുപ്പത് ദിവസം ദൈവ പ്രീതിയിലേക്ക് വഴിവെട്ടിയവരായിരുന്നു വിശ്വാസികൾ. റമദാനിലെ പുണ്യ മുഹൂർത്തങ്ങൾ വരിച്ച് ദൈവത്തിലേക്ക് അടുത്ത വിശ്വാസികളുടേതാണ് ഈദുൽ ഫിത്ർ.
റമദാനിലെ ഓരോ നിമിഷങ്ങളിലും വിശ്വാസികൾ ദൈവത്തെ സ്മരിക്കുകയായിരുന്നു. ഒട്ടിയ വയറും വരണ്ട അന്നനാളവുമായി ദൈവ ഗീതങ്ങൾ ഉരുവിടുകയായിരുന്നു വിശ്വാസികൾ. കെട്ട കാലങ്ങളിൽ ചെയ്തപോയ പാപങ്ങളും ആത്മ വഞ്ചനയും എണ്ണിയെടുത്ത് നാഥനോട് പൊറുക്കലിന്റെ തേട്ടം നിറഞ്ഞതായിരുന്നു റമദാൻ രാവുകൾ.
ഖുർആൻ പാരായണങ്ങളും പ്രാർഥനയുമായിരുന്നു വിശ്വാസിയുടെ രാവിലും പകലിലും. ഒരായസ്സു കാലത്തെക്കാൾ പുണ്യം നിറഞ്ഞ സമാധാന രാവിനെ നെഞ്ചിലേറ്റിയ വരായിരുന്നു വിശ്വാസികൾ. റമദാന്റെ അവസാന പത്തിലെ ഓരോ രാവിലും അവർ പ്രാർഥന നിറഞ്ഞ മനസുമായി ഖുർആൻ ഇറങ്ങിയ രാവിനെ ഉറങ്ങാതെ കാത്തിരുന്നിരുന്നു. പണത്തിന്റെ വിഹിതം മറ്റുള്ളവർക്ക് നൽകിയും വേദന തിന്നുന്നവരുടെ കണ്ണീർ ഒപ്പിയെടുത്തും അശരണർക്കായി സഹായ ഹസ്തങ്ങൾ തുറന്ന് വെച്ചും സഹാനുഭൂതി പ്രകടിപ്പിച്ചവരായിരുന്നു വിശ്വാസികൾ.
ഒരു മാസത്തെ നോമ്പ് എന്ന പരിശീലന കാലം വിശ്വാസത്തിന് പാറക്കല്ലിന്റെ കരുത്ത് നൽകിയിക്കുന്നു. നിറഞ്ഞ മനസുമായാണ് വിശ്വാസികൾ ഇന്ന് പെുരുന്നാൾ നമസ്കാരത്തിലേക്ക് എത്തുന്നത്. ഈ വസന്തകാലം മനോഹരമായി ആസ്വദിക്കാൻ ഉദവി നൽകിയതിൽ അവർ തക്ബീറുകൾ മൊഴിയുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലുള്ള സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരം നിർവഹിക്കുക. സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റു സുരക്ഷാ ഏജൻസികൾ എന്നിവയുടെ
ഉദ്യോഗസ്ഥർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങി നിരവധി പ്രമുഖർ ഇവിടെ പ്രാർഥനയിൽ
പങ്കാളികളാകും. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദു ഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് പലയിടത്തും നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.