മസ്കത്ത്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾ നടന്നു. പുലർച്ച തന്നെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയവര് നമസ്കാരത്തിനായി അണിനിരന്നു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ ഹക്കീം നദ്വി നേതൃത്വം നൽകി. ആഘോഷങ്ങളെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാമെന്നും പലപ്പോഴും വിലക്കുകളുടെ മാത്രം മതമായാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിന്റെ ശത്രുക്കൾ മുസ്ലിംകൾ സന്തോഷിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. സന്തോഷം കെടുത്താനാണ് ശ്രമിക്കുന്നത്. അതിനാൽ സന്തോഷത്തോടെ ആഘോഷങ്ങൾ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയുടെ എല്ലാ വൈജാത്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനാൽ ഇവയെ ചേർത്തുപിടിക്കാനുള്ള സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം കൂടി ഈ ബലിപെരുന്നാൾ നൽകുന്നുണ്ടെന്നും നദ്വി പറഞ്ഞു.
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ്ഗാഹിന് അബ്ദുൽ നാസിർ സലഫി വല്ലപ്പുഴ നേതൃത്വം നൽകി. അൽ ഹൈൽ ഈഗിൾസ് സ്റ്റേഡിയത്തിൽ ഷഫീഖ് സ്വലാഹിയും സുഹാർ ബദ്ർ അൽ സമാ ഹോസ്പിറ്റലിന്റെ പിറകുവശത്ത് സംഘടിപ്പിച്ച ഈദ്ഗാഹിന്
അലി ഒറ്റപ്പാലവും നേതൃത്വം നൽകി. റൂവി അൽ കറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഷെമീര്‍ ചെന്ത്രാപ്പിന്നിയും മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പ്രാർഥനക്ക് മുഹമ്മദ് ഷഫീഖ് കോട്ടയവും നേതൃത്വം നൽകി. ഫസലുറഹ്മാൻ ആയിരുന്നു ബർക സൂഖ് മറീനയിൽ നടന്ന ഈദ് ഗാഹിന് നേതൃത്വം നൽകിയത്.
വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ടിൽ ഹനീഫ് സ്വലാഹി ദുബൈയും സീബ് അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം കാലിഡോണിയൻ കോളജ് ഗേറ്റ് നാലിൽ നടന്ന പ്രാർഥനക്ക് സഫറുദ്ദീന്‍ മാഹിയും മുസന്ന തരീഫ് ഷൂ പാര്ക്കിന് പിന്‍വശത്ത് നടന്ന ഈദ് ഗാഹിന് സാദിഖ് പട്ടാമ്പിയും കാർമികത്വം വഹിച്ചു.
സുവൈഖ് (ഖദറ) അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ പ്രാർഥനക്ക് നൗഷാദ് എടപ്പാൾ, സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ മുഹമ്മദ് മൗലവി ദുബൈ, സൂർ അൽ ഹരീബ് ഗാര്ഡന് ബിലാദിൽ അൻസാർ മൗലവി, ബുഅലി അൽ വഹ്ദ സ്റ്റേഡിയം ഗ്രൗണ്ടിൽ താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ, സുഹാർ ഫലജ് ഹൈപ്പർ മാർക്കറ്റ് പാർക്കിങ്ങിൽ അഫ്സൽ ഖാൻ, സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ എന്‍.എം. മുഹമ്മദലി എന്നിവർ ഈദ് ഗാഹിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.