വിമാനം വൈകിയതിനെ തുടർന്ന് മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങിയ
യാത്രക്കാർ
മസ്കത്ത്: മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ബുധനാഴ്ച ഉച്ചക്ക് 12ന് പുറപ്പെടേണ്ട IX 550 വിമാനം നാലു മണിക്കൂറിലറെ താമസിച്ചാണ് യാത്ര തിരിച്ചത്. ഷാർജയിൽനിന്ന് വിമാനം വരാൻ വൈകിയതാണ് മസ്കത്തിൽനിന്ന് യാത്ര തിരിക്കാൻ താമസിച്ചതെന്നാണ് യാത്രക്കാരെ എയർ ഇന്ത്യ എക്സപ്രസ് അധികൃതർ അറയിച്ചത്. വിമാനം ഒരു മണിക്കൂർ താമസിച്ച് ഒരു മണിക്ക് പുറപ്പെടണമെന്നായിരുന്നു ആദ്യം അറിയിപ്പ് ലഭിച്ചിരുന്നത്.
പിന്നീട് ഇത് 2.30 ലേക്ക് മാറ്റി. ഒടുവിൽ 4.20ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും അഞ്ചു മണിയോടടുത്താണ് പുറപ്പെട്ടത്. വിമാനം വൈകിയതുമൂലം നോമ്പെടുത്തവരും സ്ത്രീകളും കുട്ടികളുമായിരുന്നു ഏറെ പ്രയാസത്തിലായത്. വിമാനം അനിശ്ചിതമായി വൈകുന്നതിനെ കുറിച്ച് കൃത്യമായ മറുപടി നൽകാൻപോലും ആദ്യ ഘട്ടത്തിൽ തയാറായിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ബുറൈമി അടക്കം ഒമാന്റെ ഉൾപ്രദേശങ്ങളിൽനിന്ന് പുലർച്ചെ പുറപ്പെട്ട് നേരത്തെ വിമാനത്താവളത്തിൽ എത്തിയവരായിരുന്നു യാത്രക്കാരിൽ പലരും. നോമ്പില്ലാത്തവർക്ക് ഉച്ചക്ക് ഭക്ഷണ സൗകര്യമൊന്നും ആദ്യ ഘട്ടത്തിൽ ഒരുക്കിയിരുന്നില്ലെന്നും ഒടുവിൽ കൂട്ടത്തോടെ പ്രതിഷേധിച്ചതോടെയാണ് ഫലം കണ്ടതെന്നും യാത്രക്കാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
എയർ ഇന്ത്യ എക്പ്രസ് വിമാനം വൈകൽ സ്ഥിര സംഭവമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തന്തെണാണ് യാത്രക്കാർ ചോദിക്കുന്നത്. ചെറിയ അവധിക്കും മറ്റും അത്യാവശ്യകാര്യങ്ങൾക്കുവേണ്ടി പുറപ്പെടുന്ന യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്.
മറ്റു വിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിലുണ്ടാകുന്ന ഇളവുകളാണ് വൈകൽ തുടർകഥയായിട്ടും എയർ ഇന്ത്യ എക്സ്പ്രസിനെ വീണ്ടും ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നതിനെതിരെ നടപടികൾ ആവശ്യമാണന്നാണ് പ്രവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.