മസ്കത്ത്: പുരാതന ശിലായുഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപിലേക്കും ഏഷ്യയിലേക്കുമുള്ള മനുഷ്യരുടെ ദേശാടനം ദോഫാറിലൂടെയും ദുകമിലൂടെയും ആയിരുന്നുവെന്ന് ഗവേഷകർ. ഇത് സംബന്ധിച്ച് നിരവധി തെളിവുകൾ കണ്ടെടുക്കാൻ കഴിഞ്ഞതായി ഈ മേഖലയിൽ പഠനം നടത്തുന്ന പ്രാഗിലെ ചെക്ക് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി. അക്കാലത്തേതെന്ന് കരുതുന്ന കൈക്കോടാലികൾ, ശ്മശാനങ്ങൾ, ചെത്തിമിനുക്കിയ കല്ലുകൾ തുടങ്ങി അനുപമമായ നിരവധി പുരാതനകാല അവശിഷ്ടങ്ങൾ ഈ മേഖലകളിൽനിന്ന് ലഭിക്കുകയുണ്ടായി. കഴിഞ്ഞ മാർച്ചിൽ ഗവേഷക എംറ്റി ക്വാർട്ടറിൽനിന്ന് കണ്ടെടുത്ത പുരാതന ശിലായുഗത്തിലെ അവശിഷ്ടങ്ങൾ ഇപ്പോൾ വിദഗ്ധ പഠനത്തിന് വിധേയമാക്കുകയാണ്. ദീർഘകാലമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന ഗവേഷണങ്ങളിൽ 20ലധികം പുരാവസ്തു ഗവേഷകരാണ് പങ്കെടുക്കുന്നത്.
ദോഫാറിലെ എംറ്റി ക്വാർട്ടറിൽ നടത്തിയ ഗവേഷണത്തിൽ മൂന്ന് ദശലക്ഷം വർഷത്തിനും 13 ലക്ഷം വർഷങ്ങൾക്കും മുമ്പ് നടന്ന ചരിത്രത്തിലെ ആദ്യ ദേശാടനത്തിന് ഈ മേഖല പങ്കാളിയായതിന്റെ തെളിവുകൾ ലഭിച്ചു. ഈ കാലത്തെ ശിലാകൈക്കോടാലികളാണ് കണ്ടെത്തിയത്. ഭൂശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് അറേബ്യൻ രാജ്യങ്ങൾ ഇത്തരം ദേശാടനങ്ങളുടെ പ്രധാന റൂട്ടായിരുന്നു. ഈ മേഖലയിലെ 300 മീറ്ററിലധികം ഉയരത്തിലുള്ള കൂനകളിൽനിന്ന് ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടുകളും പുഴയുടെ അടിഭാഗവും കണ്ടെത്തിയിരുന്നു. അക്കാലത്ത് ഇവിടെ തണുത്ത കാലാവസ്ഥയാണെന്നതിന് തെളിവാണിത്.
ദുകമിലെ നവീന ശിലായുഗത്തിലെ ശവകുടീരങ്ങളെ കേന്ദ്രീകരിച്ച് മറ്റൊരു ഗവേഷണവും നടക്കുന്നുണ്ട്. നഫൂൻ സൈറ്റിലെ ബി.സി 5000ത്തിനും 4600നും ഇടക്ക് ജീവിച്ചവരുടെ ശവകുടീരങ്ങളാണിത്. ഈ ശവകുടീരങ്ങളിൽ ഏതാനും ഡസൻ ആളുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ എല്ല്, പല്ല്, നഖം അടക്കമുള്ള വിശകലനം ചെയ്തുള്ള ഗവേഷണമാണ് നടക്കുന്നത്. ഇവരുടെ ഭക്ഷണ രീതി, പരിസ്ഥിതി, സംസ്കരിച്ചവരുടെ ദേശാടന വിവരങ്ങൾ എന്നിവ പഠനങ്ങളിലൂടെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സൈറ്റിനടുത്തായി ചെത്തിമിനുക്കിയ പാറകളുടെ ശേഖരവും കണ്ടെത്താൻ കഴിഞ്ഞു. വ്യത്യസ്ത രൂപത്തിലും ആകൃതിയിലുമുള്ള 49 പാറകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ ബി.സി 5000ത്തിനും 1000ത്തിനും ഇടയിലുള്ളവയാണെന്ന് കരുതുന്നു. ഇവയിൽ പലതും നവീന ശിലായുഗത്തിൽ കണ്ടുവരുന്നവയാണ്. ആഫ്രിക്കയും അറേബ്യയും തമ്മിൽ സാംസ്കാരിക കൈമാറ്റമുണ്ടായിരുന്നതായാണ് ഗവേഷണങ്ങളിൽനിന്ന് വ്യക്തമാവുന്നത്. തെക്കൻ അറേബ്യയിലെ ജനങ്ങളുടെ ജനിതക വൈവിധ്യം അടക്കമുള്ള കാര്യങ്ങളും ഗവേഷണങ്ങളിലൂടെ വ്യക്തമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.