മസ്കത്ത്: മസ്കത്ത് എക്സ്പ്രസ്വേയുടെ വീതി വർധിപ്പിക്കാൻ പദ്ധതി. ഖുറം മുതൽ മബേല ഹൽബാൻ വരെ റോഡിെൻറ മുഴുവൻ നീളത്തിലുമാകും വീതി വർധിപ്പിക്കുക. ഇതിനായുള്ള വിശദ പദ്ധതി തയാറാക്കി വരുകയാണെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. പ്രധാന റോഡിൽ രണ്ടു വശത്തേക്കും കൂടുതൽ ലൈനുകൾ നിർമിക്കുന്നതിന് ഒപ്പം ഇൻറർചേഞ്ചുകൾ, ഉപറോഡുകൾ തുടങ്ങിയവയുമുണ്ടാകും. വർധിച്ചുവരുന്ന വാഹന ഗതാഗതം മുന്നിൽ കണ്ടാണ് വികസന പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്. വരും വർഷങ്ങളിലെ മസ്കത്ത് എക്സ്പ്രസ്വേയിലെ വാഹനപ്പെരുപ്പം താങ്ങാൻ സാധിക്കുന്ന രീതിയിലാകും റോഡ് വികസനം നടത്തുകയെന്നും മസ്കത്ത് നഗരസഭ അറിയിച്ചു.
അൽ അൻസാബ് റോഡിെൻറ വീതി വർധിപ്പിക്കാനും മസ്കത്ത് നഗരസഭ വിശദമായ പദ്ധതി തയാറാക്കി വരുകയാണ്. ഫലജ് അശ്ശാം മുതൽ നിസ്വ റോഡ് വരെയാകും വികസിപ്പിക്കുക. വീതി കൂട്ടുന്നതിന് ഒപ്പം ഇരുവശത്തും സർവിസ് റോഡുകളും നിർമിക്കും. ഫണ്ടിെൻറ ലഭ്യതക്ക് അനുസരിച്ചാകും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്നും നഗരസഭ അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ ഖുവൈർ ഇൻറർചെയ്ഞ്ചിന് മുമ്പുള്ള വാഹന തിരക്ക് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് വിശദ പഠനം നടത്തും.
നിലവിൽ ഇവിടെ റോഡ് വീതി കൂട്ടുന്നതിന് ചില തടസ്സങ്ങൾ ഉള്ള സാഹചര്യത്തിൽ വിശദ പഠനം ആവശ്യമാണ്. സുൽത്താൻ ഖാബൂസ് ഹൈവേയിലെ വെള്ളക്കെട്ട് അവസാനിപ്പിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായുള്ള പദ്ധതി നടപ്പാക്കുമെന്നും നഗരസഭ അറിയിച്ചു. ആദ്യഘട്ടത്തിൽ റോഡിെൻറ വലതുവശത്തുനിന്ന് കടലിലേക്ക് എത്തുന്ന രീതിയിൽ തോട് നിർമിക്കും. രണ്ടാം ഘട്ട ടെൻഡറിങ് ജോലികൾ നടന്നുവരികയാണ്. സുൽത്താൻ ഖാബൂസ് ഹൈവേയുടെ തെക്കുഭാഗത്ത് അൽ ഖുവൈർ റോഡിനോട് ചേർന്നുള്ള, നിലവിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം പൂർണമായും പുനർരൂപകൽപന ചെയ്യുകയാണ് ഇൗ ഘട്ടത്തിൽ ചെയ്യുക. പുതിയ തോടുകളും കൾവെർട്ടുകളും ആദ്യ ഘട്ടത്തിൽ നിർമിച്ച സംവിധാനവുമായി ബന്ധിപ്പിക്കും. ഇതോടെ സുൽത്താൻ ഖാബൂസ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.