മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിയിലൂടെ ഈ വർഷം 1500പേരെ ഉറ്റവരുടെ സ്നേഹത്തണലിലേക്ക് എത്തിക്കും. ഒമാനി ലോയേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ 11ാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. ഇതിനകം പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ജയിലിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബത്തിനും സന്തോഷം നൽകാനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് ഫാക് കുറുബക്ക് മേൽനോട്ടം വഹിക്കുന്ന ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ്ജലി പറഞ്ഞു. മുൻകാല പതിപ്പുകളിൽ ഈ സംരംഭത്തിൽ നിന്ന് പ്രയോജനം ലഭിക്കാത്തവരെയാണ് പരിഗണിക്കുക. ക്രിമിനൽ പരമല്ലാത്ത വാണിജ്യ-സിവിൽ-തൊഴിൽ നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്നവർക്കാണ് സഹായം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫാക് കുറുബയിൽ ഉൾപ്പെടാൻ അർഹതയുള്ളവരുടെ പ്രാരംഭ ലിസ്റ്റുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 965 പേരാണ് ഉള്ളത്. ഈ സംരംഭം ആരംഭിച്ചതിനുശേഷം, ഏകദേശം 50 ആളുകൾ ജയിൽ മോചിതരായി. വരുംദിവസങ്ങളിൽ കൂടുതൽപേർ പുറത്തിറങ്ങുമെന്നും ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ്ജലി പറഞ്ഞു.
ഒമാന് ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 5,890 ആളുകളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരുകൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു. വിപുലമായ പങ്കാളിത്തമാണ് ഈ വർഷവും അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. 2012ൽ അഞ്ച് കോടതികൾ ലക്ഷ്യമിട്ടാണ് ഫാക് കുർബയുടെ ആദ്യ പതിപ്പിന് തുടക്കമായത്. 10 സന്നദ്ധ പ്രവർത്തകരായ അഭിഭാഷകർ കൈകോർത്തപ്പോൾ 44 തടവുകാരെ മോചിപ്പിക്കാൻ സാധിച്ചു. എന്നാൽ, കഴിഞ്ഞ വർഷം എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരവധി അഭിഭാഷകരുടെ പരിശ്രമത്താൽ 925 ആളുകളാണ് ജയിലിൽനിന്ന് ഉറ്റവരുടെ ചാരത്തെത്തിയത്. ഒമാനി സമൂഹത്തിന്റെ ഐക്യദാർഢ്യവും ഔദാര്യവും ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു പത്താം പതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.