മസ്കത്ത്: നാല് പതിറ്റാണ്ടു കാലത്തെ ഒമാനിലെ ജീവിത്തിനു വിരാമമിട്ട് പ്രവാസി കർഷകനായ ആലപ്പുഴ മാവേലിക്കര സ്വദേശിയായ സാൽബി ജോൺ നാടണയുന്നു. ഒമാനിലെ കാർഷികവൃത്തി നാട്ടിലേക്ക് പറിച്ചുനടുന്നുവെന്നാണ് മടക്കത്തെ കുറിച്ച് ഇദ്ദേഹത്തിന് പറയാനുള്ളത്. നാട്ടിൽ േപാളി ടെക്നിക്കിൽനിന്നും ഇലക്ട്രിക്കൽ ഡിപ്ലോമ നേടിയ ഇദ്ദേഹം 1982ൽ മുസന്നയിലാണ് ആദ്യം എത്തുന്നത്.
അന്ന് ഒമാൻ എന്ന രാജ്യം സുൽത്താൻ ഖാബൂസ് ഭരണാധികാരിക്ക് കീഴിൽ പുരോഗതിയുടെ ചാലുകൾ കീറുന്ന സമയമായിരുന്നു. മിക്ക സ്ഥലങ്ങളിലും വൈദ്യുതി എത്തിയിരുന്നില്ല. രണ്ടു വർഷത്തെ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണിക്ക് ശേഷം സ്വന്തമായി ചെറിയ സൂപ്പർ മാർക്കറ്റ് തുടങ്ങി. ഇതിനിടെ നാട്ടിൽനിന്ന് പലരെയും ജോലിക്കായി കൊണ്ടുവന്നു. 1994ൽ മസ്കത്തിലേക്കു വന്നു. കെട്ടിട അറ്റകുറ്റപ്പണി കരാറുകൾ ഏറ്റെടുത്താണ് ഇവിടെ ജോലി ചെയ്തത്. ഒമാനിൽ ജീവിച്ച നാലു പതിറ്റാണ്ടും കൃഷി കൂടെയുണ്ടായിരുന്നു. മുസന്നയിൽ താമസിക്കുന്ന കാലത്ത് തെങ്ങുവെച്ച് പിടിപ്പിച്ചു. മസ്കത്തിൽ കൃഷി കൂടുതൽ സജീവമാക്കി. താമസസ്ഥലത്ത് കപ്പ, വാഴ, ചേന, ചേമ്പ്, സപ്പോട്ട, ചാമ്പക്ക, ആത്തച്ചക്ക, പപ്പായ തുടങ്ങിയവ കൃഷി ചെയ്തു. കുന്തിരിക്കംവരെ വീട്ടുവളപ്പിൽ വെച്ച് പിടിപ്പിച്ചിരുന്നു. കേരളത്തിലെ ഗൃഹാന്തരീക്ഷത്തിന് സമാനമായ സാഹചര്യമായിരുന്നു പ്രവാസലോകത്തും ഒരുക്കിയിരുന്നത്.
ഇതെല്ലാം വിട്ടുപോകുന്നതിൽ വേദനയുണ്ട്, എന്നാൽ ചെടികളെയും പൂക്കളെയും പക്ഷികളെയും കൃഷിയെ ഗൗരവമായി കാണുന്ന വ്യക്തികളെ ഏൽപിച്ചാണ് മടങ്ങുന്നതെന്ന് സാൽബി ജോൺ പറഞ്ഞു. സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു. അനിലയാണ് ഭാര്യ. കാവ്യ, നവ്യ എന്നിവർ മക്കളാണ്. ചൊവ്വാഴ്ചയാണ് നാട്ടിലേക്ക് മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.