മസ്കത്ത്: ധനമന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി ബർകയിലെ ഖസാൻ ഇക്കണോമിക് സിറ്റി സന്ദർശിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, ഖാസെൻ ഡ്രൈ പോർട്ട്, ലോജിസ്റ്റിക്സ് പാർക്ക്, വാകുദ് ബയോ-ഫ്യൂവൽ ഫാക്ടറി, ഖസാൻ സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റ്, ലേബർ വില്ലേജ്, ഹ്യൂമൻ വാക്സിനേഷൻ ഫാക്ടറി തുടങ്ങിയ പ്രോജക്ടുകൾകളെക്കുറിച്ച് മന്ത്രിക്ക് വിശദീകരിച്ചു.
ഇതിനുപുറമെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും ആഭ്യന്തര നേരിട്ടുള്ള നിക്ഷേപങ്ങളും ആകർഷിക്കുന്നതിലെ ശ്രമങ്ങളെ കുറിച്ച് സംക്ഷിപ്ത വിവരണം നൽകുകയും ചെയ്തു. ലോജിസ്റ്റിക്സ്, ഇൻഡസ്ട്രിയൽ, ഫുഡ്, ഫാർമസ്യൂട്ടിക്കൽ, ക്ലീൻ എനർജി തുടങ്ങിയ വിവിധ മേഖലകളിൽ ഈ വർഷത്തെ ആദ്യ പാദത്തിന്റെ അവസാനംവരെ 280 ദശലക്ഷം റിയാൽ നിക്ഷേപം ആകർഷിച്ചതായി ഖസാൻ ഇക്കണോമിക് സിറ്റി സി.ഇ.ഒ എൻജിനീയർ സലിം ബിൻ സുലൈമാൻ അൽ തുഹ്ലി പറഞ്ഞു. വിദേശ നേരിട്ടുള്ള നിക്ഷേപങ്ങളുടെ മൊത്തം മൂല്യം 150 ദശലക്ഷം റിയാൽ ആണ്. അതേസമയം ആഭ്യന്തര നേരിട്ടുള്ള നിക്ഷേപങ്ങളുടെ ആകെ തുക 130 ദശക്ഷം റിയലാണ്. വൈവിധ്യമാർന്ന നിക്ഷേപ കേന്ദ്രമെന്ന നിലയിൽ, ലോകമെമ്പാടുമുള്ള 16ലധികം രാജ്യങ്ങളിൽനിന്ന് ഖസാൻ നിക്ഷേപം ആകർഷിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ 300ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ നൽകുന്നുണ്ട്.
തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബാർക്കയിൽ വികസിച്ചുകൊണ്ടിരിക്കുന്ന സംയോജിത സാമ്പത്തിക നഗരമാണ് ഖസാൻ. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ സംയോജിത സാമ്പത്തിക നഗരമാണിത്. മസ്കത്ത് ഇന്റർനാഷനൽ വിമാനത്താവളം, സുവൈഖ് തുറമുഖം, സുഹാർ തുറമുഖം എന്നിവിടങ്ങളിൽനിന്ന് ഏകദേശം രണ്ട് മണിക്കൂർ ദൂരമുള്ള ബാത്തിന എക്സ്പ്രസ് വേയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.