മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ കാർഷിക, കന്നുകാലി, വ്യവസായിക മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി ഭവന, നഗരാസൂത്രണ മന്ത്രാലയം 2.67 ദശലക്ഷം റിയാലിന്റെ കരാറിൽ ഒപ്പുവെച്ചു. നിരവധി ചെറുകിട, ഇടത്തരം സംരംഭകരുമായി 28 കരാറുകളിലാണ് മന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്. ആകെ 9.8 ലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതികൾ വരുന്നത്. ഭക്ഷ്യസുരക്ഷ പദ്ധതികൾക്കായി ശാസ്ത്രീയവും നൂതനവുമായ രീതികൾ ഉപയോഗിച്ച് ഒമാന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുസ്ഥിര ഭൂവിനിയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം സമ്പദ്വ്യവസ്ഥയെയും നിക്ഷേപങ്ങളെയും പിന്തുണക്കുക എന്നതും കരാറുകളിലൂടെ ലക്ഷ്യമിടുന്നു. ഒപ്പുവെക്കൽ ചടങ്ങിൽ ഭവന, നഗരാസൂത്രണ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് നഗരാസൂത്രണ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ മുതവ പങ്കെടുത്തു. ഇബ്രയിലെ വടക്കൻ ശർഖിയയിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ്ങിൽ ആയിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.
കരാർ പ്രകാരം വാദി ബാനി ഖാലിദ് വിലായത്തിൽ മിനറൽ വാട്ടർ പ്യൂരിഫിക്കേഷനും ബോട്ടിലിങ് പ്ലാന്റും സ്ഥാപിക്കും. 1,50,000 റിയാൽ ചെലവിൽ വരുന്ന പദ്ധതിയുടെ ഭൂമിയുടെ പാട്ടക്കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. അൽ ഖാബിൽ, മുദൈബി വിലായത്തുകളിൽ 1,65,000 റിയാൽ ചെലവിൽ കോഴി വളർത്തലിനുള്ള മൂന്ന് കരാറുകളിലും ഒപ്പുവെച്ചു. 1,24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആയിരിക്കും പദ്ധതിയൊരുക്കുക. മുദൈബിയിൽ കന്നുകാലികളെ വളർത്തുന്നതിനും വിൽക്കുന്നതിനുമുള്ള പദ്ധതിക്കായി 55,000 റിയാലിന്റെ ധാരണപത്രത്തിലാണ് ഒപ്പിട്ടിരിക്കുന്നത്. അൽ ഖാബിൽ, ഇബ്ര, വാദി ബാനി ഖാലിദ്, മുദൈബി, ബിദിയ എന്നീ വിലായത്തുകളിൽ 2.3 ദശലക്ഷം റിയാൽ ചെലവിൽ പച്ചക്കറി, പഴം ഉൽപാദനത്തിനായി മൊത്തം 23 കരാറുകളിലും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.