മസ്കത്ത്: ആഗോള ഭക്ഷ്യസുരക്ഷ സൂചികയിൽ ഒമാൻ അറബ് മേഖലയിൽ രണ്ടാമത്. ബ്രിട്ടൻ കേന്ദ്രമായുള്ള ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റ് തയാറാക്കിയ സൂചികയിൽ ഒമാൻ ആഗോള തലത്തിൽ 34ാം സ്ഥാനത്താണുള്ളത്. 70.2 പോയൻറ് ആണ് ഒമാന് ലഭിച്ചത്. 33ാം സ്ഥാനത്തുള്ള കുവൈത്താണ് ഒമാന് മുന്നിലുള്ള അറബ് രാജ്യം.
ഫിൻലൻഡ് ആണ് സൂചികയിൽ ഒന്നാംസ്ഥാനത്ത്. 85.3 പോയൻറ് ആണ് ഫിൻലൻഡിനുള്ളത്. അയർലൻഡ്, നെതർലൻഡ്സ്, ഓസ്ട്രിയ, ചെക് റിപ്പബ്ലിക് എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. 113 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ളതാണ് സൂചിക. ഇതിൽ ഇന്ത്യക്ക് 71ാം സ്ഥാനമാണുള്ളത്. മലാവി, സാംബിയ, സുഡാൻ എന്നിവയാണ് സൂചികയുടെ 110 മുതൽ 113 സ്ഥാനങ്ങളിൽ വരെയുള്ളത്. ജനങ്ങൾക്ക് ഭക്ഷണം സ്വന്തമാക്കാനുള്ള കഴിവ്, ഭക്ഷണ സമൃദ്ധി, നിലവാരവും സുരക്ഷയും, പ്രകൃതി സമ്പത്ത് തുടങ്ങിയ ഉപവിഭാഗങ്ങളാണ് സൂചികക്ക് ഉള്ളത്. ഭക്ഷണം സ്വന്തമാക്കാനുള്ള കഴിവ്, നിലവാരവും സുരക്ഷയും എന്നീ വിഭാഗങ്ങളിലാണ് ഒമാന് ഏറ്റവുമധികം പോയൻറ് ലഭിച്ചത്. യഥാക്രമം 88.5, 83.7 പോയൻറുകളാണ് ഇൗ വിഭാഗത്തിൽ ലഭിച്ചത്. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയിൽ കാർഷിക, മത്സ്യബന്ധന മേഖലക്ക് കാര്യമായ പരിഗണന നൽകിയുള്ള പദ്ധതികളാണ് ഒമാൻ നടപ്പക്കി വരുന്നത്. കോവിഡിനെ തുടർന്ന് എല്ലാ മേഖലകളിലും തളർച്ച രേഖപ്പെടുത്തിയ കഴിഞ്ഞ വർഷം കാർഷിക, മത്സ്യവിഭവ മേഖലയിൽ മാത്രമാണ് ഉണർവ് ദൃശ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.