മസ്കത്ത്: രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന വിദേശികൾക്കും സ്വന്തമായി സാമൂഹിക സുരക്ഷ ഫണ്ടിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം. തങ്ങളുടെ ശമ്പളം അടക്കം വിവരങ്ങൾ ഇ-പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ ദിവസം ആരംഭിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ ശരിയാണോയെന്ന് തൊഴിലുടമക്ക് പരിശോധിക്കാനും കഴിയും.
തൊഴിലുടമ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരുടെ സാമൂഹിക സുരക്ഷക്കായി നിക്ഷേപിക്കുന്ന സംവിധാനമാണ് സാമൂഹിക സുരക്ഷ ഫണ്ട്. സ്വദേശി ജീവനക്കാർക്ക www.spf.gov.om. എന്ന പോർട്ടലിൽ നേരത്തെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരുന്നു. ജോലിയിൽ നിന്ന് പിരിയുമ്പോഴും മറ്റും ആനുകൂല്യം കിട്ടുന്ന രീതിയിലാണ് സംവിധാനം. ഈ മാസം 31 ലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ രജിസ്ട്രേഷൻ നടക്കുക. അടുത്ത മാസം 15 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
സ്വദേശി, വിദേശി തൊഴിലാളികളുടെ വിവരങ്ങൾ ശരിയാണെന്ന് തൊഴിൽ ഉടമകൾ ഉറപ്പാക്കേണ്ടതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തുകയും വേണം. ജീവനക്കാരുടെ ശമ്പളത്തിന് മാറ്റം വരുകയാണെങ്കിൽ പോർട്ടൽ വഴിയോ മറ്റ് സർക്കാർ യൂനിറ്റുവഴിയോ പുതുക്കേണ്ടതാണ്.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് സാമൂഹിക സുരക്ഷ ഫണ്ടിലേക്ക് തൊഴിൽകരാർ അനുസരിച്ച് മൗറിദ് അല്ലെങ്കിൽ റിയോ സിസ്റ്റം വഴി രജിസ്റ്റർ ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്. സാമൂഹിക സുരക്ഷാ ഫണ്ടിൽ ബന്ധമുള്ളവർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം. സ്വകാര്യ മേഖലയിലെ ജീവനക്കാർ തൊഴിൽ മന്ത്രാലയം വഴിയാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്.
സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് തിരുത്തലുകൾ വരുത്താവുന്നതാണ്. സാമൂഹിക സുരക്ഷാ ഫണ്ടുമായി നേരിട്ട് ബന്ധമുള്ള സർക്കാർ, സർക്കാറേതര സ്ഥാപനങ്ങൾ ഫണ്ടിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് ജീവനക്കാരുടെ ശമ്പള വിവരങ്ങളിൽ മാറ്റം വരുത്തേണ്ടത്. ഇങ്ങനെ ശമ്പളത്തിൽ മാറ്റം വരുത്തുമ്പോൾ പൂർണമായി ഉറപ്പുവരുത്തണം. മൗറിദ് അല്ലെങ്കിൽ റിയോ സിസ്റ്റം വഴി ബന്ധിപ്പിച്ച സർക്കാർ സ്ഥാപനങ്ങൾ ആ സിസ്റ്റം വഴിയാണ് ശമ്പള മാറ്റങ്ങൾ അപ്ലോഡ് ചെയ്യേണ്ടത്. സാമൂഹിക സുരക്ഷാ ഫണ്ട് പോർട്ടലിൽ നൽകിയ ശമ്പള ത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മാസാവസാനങ്ങളിൽ ജീവനക്കാരുടെ സാമുഹിക സുരക്ഷ വിഹിതം നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.