മസ്കത്ത്: വിസിറ്റ് വിസയിലെത്തി അപകടമോ മറ്റ് അസുഖമോ ബാധിക്കുന്നവർക്ക് അടിയന്തര ചികിത്സ സൗജന്യമായി നൽകാൻ പദ്ധതിയുമായി ഒമാൻ. ഒമാനിൽ വിസിറ്റ് വിസയിൽ വന്ന ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരെ സഹായിക്കാനാണ് ഈ പദ്ധതി. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാർക്കും ഇൻഷുറൻസ് കമ്പനി നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമായവർക്കും ഈ ചികിത്സ സഹായപദ്ധതി അനുഗ്രഹമാവും. ഇത്തരക്കാരെ സഹായിക്കാനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഫിനാൻഷ്യൽ സർവിസ് അതോറിറ്റി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഈ അക്കൗണ്ട് കൈകാര്യം ചെയ്യാനായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി മെംബർമാർ എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് രൂപം നൽകും. മൂന്ന് വർഷമാണ് ഈ കമ്മിറ്റിയുടെ കാലാവധി.
ചികിത്സ തേടുന്നവരുടെ അപേക്ഷയും മറ്റു വിവരങ്ങളും ആരോഗ്യസ്ഥിതിയും പരിശോധിക്കുകയും അവരെ ചികിത്സക്കായി ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നത് കമ്മിറ്റിയായിരിക്കും.
ഇത്തരക്കാരുടെ ചികിത്സ വിഷയത്തിൽ ഇൻഷുറൻസ് കമ്പനികൾ സഹായം തേടുകയാണെങ്കിൽ അപേക്ഷ പരിഗണിക്കുകയും വിഷയത്തിൽ തീരുമാനമെടുക്കുന്നതും കമ്മിറ്റിയായിരിക്കും.
ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തവർക്കാണ് കമ്മിറ്റിയുടെ സഹായം ലഭിക്കുക. ആരോഗ്യ ഇൻഷുറൻസ് കാലാവധി കഴിയുക, ആരോഗ്യ ഇൻഷുറൻസിന്റെ രേഖകൾ ഇല്ലാതിരിക്കുക എന്നിവർക്കാണ് സഹായം ലഭിക്കുക. മൂന്നു മാസത്തിൽ കുറവ് ഒമാനിൽ താമസിക്കുന്ന ജി.സി.സി പൗരന്മാർ, ഔദ്യോഗിക കമ്മിറ്റികൾ വഴി ഒമാനിലേക്ക് ക്ഷണിക്കപ്പെട്ട കായിക, കലാ പ്രതിനിധി സംഘങ്ങൾ എന്നിവർക്ക് സഹായം ലഭിക്കില്ല.
സഹായം ലഭിക്കാൻ വിസിറ്റ് വിസ, അടിയന്തര ആരോഗ്യം പ്രശ്നം സംബന്ധമായ രേഖകൾ, അടിയന്തര ചികിത്സക്ക് പണം ചെലവാക്കാൻ കൈയിൽ പണമില്ല എന്നതിന്റെ തെളിവുകൾ എന്നിവ അപേക്ഷകരുടെ രാജ്യങ്ങളുടെ എംബസി സാക്ഷ്യപ്പെടുത്തിയ കോപ്പി ഹാജരാക്കണം. ഇത്തരക്കാർക്ക് പരമാവധി 5000 റിയാലാണ് സഹായധനമായി ലഭിക്കുക. കമ്മിറ്റിയുടെ കൈയിൽ പണം നൽകാനില്ലെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെടും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.