മസ്കത്ത്: കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസിൽ ഷൂട്ടിങ് മത്സരത്തിൽ ഒമാന്റെ ആധിപത്യം തുടരുന്നു. രണ്ട് സ്വർണംകൂടി ഷൂട്ടർമാർ വെടിവെച്ചിട്ടു. ഇതോടെ, ഷൂട്ടിങ് മത്സരത്തിൽനിന്നുള്ള സുൽത്താനേറ്റിന്റെ സ്വർണനേട്ടം ആറായി. ഗെയിംസിൽ ആകെ 11 സ്വർണമെഡലാണ് ഒമാൻ നേടിയത്.
ശൈഖ് സബാഹ് അൽ അഹമ്മദ് ഒളിമ്പിക്സ് ഷൂട്ടിങ് കോംപ്ലക്സിൽ നടന്ന പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലാണ് ഒമാൻ വെള്ളിയാഴ്ച ആദ്യ സ്വർണം നേടിയത്. ആതിഥേയരായ കുവൈത്തിനെ 16-12നാണ് തോൽപിച്ചത്. ഇസാം അൽ ബലൂഷി, മുഹമ്മദ് അൽ ഹജ്രി, സലിം അൽ നബി എന്നിവരായിരുന്നു ഒമാനുവേണ്ടി മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിൽ വെങ്കലം നേടിയത് ബഹ്റൈനാണ്. 17-13ന് സൗദി അറേബ്യയെയാണ് തോൽപിച്ചത്. പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ടീം വിഭാഗത്തിലാണ് ഒമാന്റെ രണ്ടാം സ്വർണം. ബഹ്റൈനെ 16-8ന് തകർത്താണ് ഷൂട്ടിങ് റേഞ്ചിൽനിന്നുള്ള തങ്ങളുടെ സ്വർണനേട്ടം ആറാക്കിയത്. മുആദ് അൽ ബലൂഷി, സുൽത്താൻ അൽ ഹജ്രി, ജമാൽ അൽ ഹത്താലി എന്നിവരായിരുന്നു സുൽത്താനേറ്റിനുവേണ്ടി മത്സരിച്ചിരുന്നത്. 17-11ന് കുവൈത്തിനെ അട്ടിമറിച്ച് ഈ വിഭാഗത്തിൽ ഖത്തർ വെങ്കല മെഡൽ നേടി.
ഗെയിംസിൽ ഇതുവരെ 11 സ്വർണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 25 പോയന്റ് നേടിയ ഒമാൻ നാലാമതാണ്. അതേസമയം, ആതിഥേയരായ കുവൈത്ത് പോയന്റ് പട്ടികയിൽ മുന്നിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ലീഡ് നിലനിർത്തിയിരുന്ന ബഹ്റൈനെ പിന്നിലാക്കിയാണ് കുവൈത്തിന്റെ കുതിപ്പ്. 21 സ്വർണവും 17 വെള്ളിയും 18 വെങ്കലവും നേടി 56 പോയന്റ് സ്വന്തമാക്കി വ്യക്തമായ ലീഡ് നേടിയാണ് നീലപ്പടയുടെ മുന്നേറ്റം. 17 സ്വർണവും 16 വെള്ളിയും പത്ത് വെങ്കലവും നേടിയ ബഹ്റൈൻ 43 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 12 സ്വർണവും 15 വെള്ളിയും 12 വെങ്കലവും നേടി 39 പോയന്റോടെ ഖത്തർ മൂന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.