മസ്കത്ത്: ജി.സി.സിയിൽ താമസിക്കുന്നവർക്ക് വിസയില്ലാതെ ഈ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്ന പൊതുവിസ സംവിധാനം അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ജി.സി.സി രാജ്യങ്ങൾ.
അബൂദബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിൽ യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനോദസഞ്ചാര മേഖലക്ക് ഉത്തേജനമേകുക എന്ന ലക്ഷ്യത്തോടെ ഒറ്റ വിസയിൽ ആളുകൾക്ക് ഈ മേഖലക്കുള്ളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനം ഉടൻ ആരംഭിക്കാൻ യു.എ.ഇ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ജി.സി.സി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സ്വതന്ത്രമായി ജി.സി.സി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും ഇതു സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ, ജി.സി.സിയിലെ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും.
അതേസമയം, പ്രവാസികൾക്ക് ജി.സി.സി അതിർത്തി കടക്കാൻ വിസ ആവശ്യമാണ്. എന്നാൽ, ബഹ്റൈൻ, ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ ലഭ്യമാണ്.
ഒരു വിസയിൽ എല്ലാ പങ്കാളി രാജ്യങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്ന ‘ഷെങ്കൻ ശൈലിയിലുള്ള’ എൻട്രി സംവിധാനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതരെന്ന് ഈ വർഷം ആദ്യം ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയും പറഞ്ഞിരുന്നു.
ഇത്തരം വിസ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടയാൾ പറഞ്ഞു. ടൂറിസത്തെ ഒറ്റപ്പെടുത്തി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. അംഗരാജ്യങ്ങളുമായി സാമ്പത്തികനേട്ടങ്ങൾ പങ്കിടുന്നത് ഏറ്റവും വലിയ താൽപര്യമാണ്.
ഈ രാജ്യങ്ങൾ ഓരോന്നും കരമാർഗം അല്ലെങ്കിൽ ഫ്ലൈറ്റ് മുഖേനയോ ബന്ധിപ്പിച്ചിരിക്കുമ്പോൾ വിനോദസഞ്ചാരികൾ വിസക്കായി പ്രത്യേകം സമയം ചെലവഴിക്കേണ്ടിവരില്ല എന്നും അദ്ദേഹം പറഞ്ഞു.
സൗദിക്കുപുറമെ യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പൊതുവിസയുടെ പരിധിയില്‍ വരുക. വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമുണ്ടാകില്ല. ജി.സി.സി രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലക്ക് പുതിയ തീരുമാനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.